രണ്ടാം ഓവറില്‍ തന്നെ സുനില്‍ നരെയ്നെ(11) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും റഹ്മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് പവര്‍ പ്ലേയില്‍ കൊല്‍ക്കത്തയെ 56 റണ്‍സിലെത്തിച്ചു.

കൊൽക്കത്ത: ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 207 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ആന്ദ്രെ റസലിന്‍റെയും റഹ്മാനുള്ള ഗുര്‍ബാസ്, അംഗ്രിഷ് രഘുവംശി, അജിങ്ക്യാ രഹാനെ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. 25 പന്തിൽ 57 റണ്‍സുമായി പുറത്താകാതെ ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 31 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റൺസുമെടുത്തപ്പോള്‍ റിങ്കു സിംഗ് ആറ് പന്തില്‍ 19 റണ്‍സുമായി റസലിനൊപ്പം പുറത്താകാതെ നിന്നു.

പവറോടെ തുടക്കം

രണ്ടാം ഓവറില്‍ തന്നെ സുനില്‍ നരെയ്നെ(11) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും റഹ്മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് പവര്‍ പ്ലേയില്‍ കൊല്‍ക്കത്തയെ 56 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഗുര്‍ബാസ്(35) വീണെങ്കിലും രഹാനെയും അംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് കൊല്‍ക്കത്തയെ 100 കടത്തി. പതിമൂന്നാം ഓവറിലെ നാലാം പന്തില്‍ രഹാനെ(30) പുറത്തായപ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ആന്ദ്രെ റസല്‍ നാലാമനായി ക്രീസിലെത്തി. സ്പിന്നര്‍മാര്‍ക്കെതിരെ റസല്‍ തുടക്കത്തില്‍ പതറിയപ്പോള്‍ രഘുവംശിയാണ് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത്.

റസലാട്ടം

നേരിട്ട ആദ്യ എട്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത റസല്‍ ആകാശ് മധ്‌വാള്‍ എറിഞ്ഞ പതിനാറാം ഓവറില്‍ ഗിയര്‍ മാറ്റി. രണ്ട് ഫോറും ഒരു സിക്സും അടക്കം പതിനാറാം ഓവറില്‍ 15 റണ്‍സടിച്ച റസല്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ പതിനേഴാം ഓവറിലും സിക്സും ഫോറും നേടി. പതിനെട്ടാം ഓവറിലാണ് കൊല്‍ക്കത്ത 150 കടന്നത്. മഹീഷ് തീക്ഷണ എറിഞ്ഞ പതിനെട്ടാം ഓവറില്‍ അംഗ്രിഷ് രഘുവംശിയെ നഷ്ടമായെങ്കിലും അവസാന മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തിയ റസല്‍ 23 റണ്‍സാണ് അടിച്ചെടുത്തത്.

ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ സിക്സും ഫോറും പറത്തിയ റസല്‍ 22 പന്തില്‍ സീസണിലെ ആദ്യ അര്‍ധസെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ രാജസ്ഥാന്‍ റസലിനെ കൈവിട്ടു. ആകാശ് മധ്‌വാള്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളും വൈഡായപ്പോള്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 22 റണ്‍സടിച്ച റിങ്കു സിംഗ് കൊല്‍ക്കത്തയെ 200 കടത്തി. രാജസ്ഥാനുവേണ്ടി ആര്‍ച്ചറും തീക്ഷണയും യുദ്ധ്‌വീര്‍ സിംഗും റിയാന്‍ പരാഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Scroll to load tweet…

നേരത്തെ രാജസ്ഥാനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. മൊയീന്‍ അലിയും രമണ്‍ദീപ് സിംഗും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക