വാംഖഡെയിലെ മത്സരത്തില്‍ 59 റണ്‍സിന് വിജയിച്ചാണ് മുംബൈ ഇന്ത്യന്‍സ് പ്ലേഓഫ് യോഗ്യത നേടിയത്

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍ എത്തിയിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 59 റണ്‍സിന്‍റെ മികച്ച വിജയവുമായി ഇക്കുറി പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീമായി മുംബൈ മാറുകയായിരുന്നു. മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി കാട്ടിയ ഒരു സിഗ്നല്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആറ് കൈവിരലുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നിത അംബാനിയുടെ ആംഗ്യം. മുംബൈ ഇന്ത്യന്‍സ് ആറാം ഐപിഎല്‍ കിരീടം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് ഉറപ്പിച്ചുപറയുന്നു ഇതോടെ ടീമിന്‍റെ ആരാധകര്‍. 

ഞങ്ങള്‍ ആറാമത്തെ കിരീടത്തോട് അടുക്കുന്നു എന്നാണ് നിത അംബാനി സിഗ്നല്‍ കാട്ടിയത് എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. ഈ നിരീക്ഷണം വ്യക്തമാക്കിക്കൊണ്ട് ആരാധകരുടെ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ കാണാം. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സാണ് അഞ്ച് ഐപിഎല്‍ കിരീടങ്ങളുള്ള മറ്റൊരു ടീം. 

Scroll to load tweet…
Scroll to load tweet…

വാംഖഡെയിലെ മത്സരത്തില്‍ 59 റണ്‍സിന് വിജയിച്ചാണ് മുംബൈ ഇന്ത്യന്‍സ് പ്ലേഓഫ് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്തു. വാംഖഡെയിലെ വിചിത്ര പിച്ചില്‍ റണ്ണൊഴുക്കാന്‍ 18 ഓവറുകള്‍ വരെയും പേരുകേട്ട മുംബൈ ബാറ്റര്‍മാര്‍ക്കായില്ല. ഇതിന് ശേഷം 19, 20 ഓവറുകളില്‍ സൂര്യ-നമാന്‍ സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈക്ക് മികച്ച സ്കോറൊരുക്കിയത്. മുംബൈ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ സൂര്യകുമാര്‍ യാദവ് 43 പന്തുകളില്‍ 73* ഉം, നമാന്‍ ധിര്‍ 8 പന്തുകളില്‍ 24* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. രോഹിത് ശര്‍മ്മ അഞ്ചും റയാന്‍ റിക്കെള്‍ട്ടണ്‍ 25 ഉം, വില്‍ ജാക്‌സ് 21 ഉം, ഹാര്‍ദിക് പാണ്ഡ്യ മൂന്നും, തിലക് വര്‍മ്മ 27 ഉം റണ്‍സെടുത്ത് പുറത്തായി. 

മറുപടി ബാറ്റിംഗില്‍ ഡൽഹി ക്യാപിറ്റല്‍സ് 18.2 ഓവറിൽ 121 റൺസിന് ഓള്‍ഔട്ടായി. ഇതോടെ മുംബൈ ഇന്ത്യന്‍സ് 59 റൺസിന്‍റെ ജയവുമായി പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ബൗളിംഗില്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറുടെയും പേസര്‍ ജസ്‌പ്രീത് ബുമ്രയുടെയും പ്രകടനമാണ് മുംബൈയ്ക്ക് ജയം ഉറപ്പാക്കിയത്. നാല് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങിയ സാന്‍റ്‌നര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 3.2 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്ര മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 39 റൺസ് നേടിയ സമീര്‍ റിസ്വിയാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ കെ എല്‍ രാഹുല്‍ 11 റണ്‍സിനും, ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസും വിക്കറ്റ് കീപ്പര്‍ അഭിഷേക് പോരെലും ആറ് റണ്‍സ് വീതമെടുത്തും പുറത്തായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം