ഐപിഎല്‍ 2025-ലെ ഓറഞ്ച് ക്യാപ്പിനായുള്ള പ്രധാന പോരാട്ടം നടക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ തമ്മിലാണ്, മൂന്നാമതെങ്കിലും സൂര്യകുമാര്‍ യാദവും ശക്തമായ മത്സരരംഗത്ത്
ഐപിഎല്‍ പതിനെട്ടാം സീസണ്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചുരുക്കം ഗ്രൂപ്പ് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതുകഴിഞ്ഞാല്‍ നോക്കൗട്ട് കളികള്‍ ആരംഭിക്കും. ഐപിഎല്‍ അങ്കക്കളത്തിന് വാശിയേറിയതോടെ സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടവും മൂര്‍ച്ഛിച്ചു. മുംബൈ ഇന്ത്യന്‍സിന്‍റെ സൂര്യകുമാര്‍ യാദവ് മൂന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തിയത് ഇപ്പോള്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തെ തീപ്പിടിപ്പിച്ചു.
ഐപിഎല്‍ 2025-ലെ ഓറഞ്ച് ക്യാപ്പിനായുള്ള പ്രധാന പോരാട്ടം നടക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ തമ്മിലാണ്. 12 മത്സരങ്ങളില്‍ 617 റണ്‍സുമായി ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശനാണ് നിലവില്‍ തലപ്പത്ത്. ഇത്രതന്നെ കളികളില്‍ 601 റണ്‍സുമായി ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍ തൊട്ടുപിന്നില്‍ രണ്ടാമത് നില്‍ക്കുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടാനിറങ്ങുമ്പോള്‍ ഇരുവര്‍ക്കും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ലീഡുയര്‍ത്താന്‍ അവസരമുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അര്‍ധസെഞ്ചുറിയോടെ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് മൂന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തിയത് ഓറഞ്ച് ക്യാപ് പോരാട്ടം കടുത്തതാക്കി. സ്കൈക്ക് നിലവില്‍ 13 മത്സരങ്ങളില്‍ 583 റണ്‍സുണ്ട്.
നാലാം സ്ഥാനത്ത്, 14 മത്സരങ്ങളില്‍ 559 റണ്‍സുള്ള യശസ്വി ജയ്‌സ്വാളാണെങ്കിലും, രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായതോടെ ജയ്‌സ്വാള്‍ ഓറഞ്ച് ക്യാപ്പിനുള്ള കോംപറ്റീഷനില്‍ നിന്ന് നിര്‍ഭാഗ്യകരമായി ഔട്ടായി. 11 മത്സരങ്ങളില്‍ 505 റണ്‍സുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോലിയാണ് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ പ്രതീക്ഷയുള്ള അവസാന താരം. ഈ സീസണില്‍ 500 റണ്‍സ് ക്ലബിലിടം പിടിച്ച മറ്റ് ബാറ്റര്‍മാരായ കെ എല്‍ രാഹുലും ജോസ് ബട്‌ലറും പ്ലേഓഫിനില്ല എന്നതും ശ്രദ്ധേയമാണ്.
ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ഓറഞ്ച് ക്യാപ്പിനായി കടുത്ത മത്സരം കാഴ്ചവെച്ചിരുന്ന ലക്നൗ സൂപ്പര്‍ ജയന്‍റ്സ് വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാനും മിച്ചല്‍ മാര്‍ഷുമാണ് കനത്ത തിരിച്ചടി നേരിട്ട രണ്ട് താരങ്ങള്‍. ലക്നൗവും പ്ലേഓഫ് യോഗ്യത നേടിയില്ല എന്നതിനാല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഇരുവരുടെയും വാതിലുകള്‍ അടയുകയായിരുന്നു.
ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ അഞ്ച് താരങ്ങളാണ് സെഞ്ചുറി കണ്ടെത്തിയത്. സായ് സുദര്‍ശന്‍, കെ എല്‍ രാഹുല്‍, അഭിഷേക് ശര്‍മ്മ, പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ഷി, ഇഷാന്‍ എന്നിവരാണ് ഐപിഎല്‍ പതിനെട്ടാം സീസണിലെ സെഞ്ചുറിക്കാര്‍. അഭിഷേക് ശര്‍മ്മയുടെ 141 റണ്‍സാണ് സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഏഴ് അര്‍ധസെഞ്ചുറികളുമായി വിരാട് കോലിയാണ് ഫിഫ്റ്റികളില്‍ ഇപ്പോള്‍ മുന്നില്‍ ശുഭ്‌മാന്‍ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും ആറ് വീതവും സായ് സുദര്‍ശന് അഞ്ചും അര്‍ധശതകങ്ങള്‍ ഈ ഐപിഎല്‍ സീസണിലുണ്ട്. പരിക്ക് വലച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 9 മത്സരങ്ങളില്‍ 285 റണ്‍സാണ് ഇത്തവണ നേടിയത്.


