ശേഷിക്കുന്ന നാലു കളികളും ജയിച്ചാലും പരമാവധി 14 പോയന്‍റ് മാത്രമെ നേടാനാവു എന്നതിനാല്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു
ധരംശാല: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ വീഴ്ത്തിയതോടെ പോയന്‍റ് പട്ടികയില്‍ മുംബൈ ഇന്ത്യൻസിനെ മറികടന്ന് പഞ്ചാബ് കിംഗ്സ് രണ്ടാം സ്ഥാനത്തെത്തി. 11 കളികളില്‍ 15 പോയന്‍റുമായാണ് പഞ്ചാബ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഇത്രയും മത്സരങ്ങളില്‍ 14 പോയന്‍റുള്ള മുംബൈ ഇന്ത്യൻസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പഞ്ചാബിന്‍റെ കുതിപ്പ്.
11 കളികളില്‍ 16 പോയന്‍റുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് ഒന്നാം സ്ഥാനത്ത്. 10 മത്സരങ്ങില്‍ 14 പോയന്‍റുള്ള ഡല്‍ഹിയും 10 കളികളില്‍ 12 പോയന്‍റുള്ള ഡല്‍ഹി ക്യാപിറ്റൽസുമാണ് പോയന്‍റ് പട്ടികയിലെ നാലും അഞ്ചും സ്ഥാനങ്ങളില്‍. ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകളെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യം ഗുജറാത്തിനും ഡല്‍ഹിക്കുമുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാല്‍ ഡല്‍ഹിക്ക് 14 പോയന്‍റുമായി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാമെങ്കിലും പോയന്‍റ് പട്ടികയില്‍ മുന്നേറാനാവുമോ എന്ന കാര്യം സംശയമാണ്. മൂന്നും നാലും സ്ഥാനത്തുള്ള മുംബൈയും ഗുജറാത്തും നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം മുന്നിലായതിനാല്‍ ഹൈദരാബാദിനെതിരെ മികച്ച മാര്‍ജിനിലുള്ള ജയം മാത്രമെ ഡല്‍ഹിയെ ആദ്യ നാലില്‍ എത്തിക്കു.
അതേസമയം, ശേഷിക്കുന്ന നാലു കളികളും ജയിച്ചാലും പരമാവധി 14 പോയന്‍റ് മാത്രമെ നേടാനാവു എന്നതിനാല്‍ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹിയെ വീഴ്ത്തിയാല്‍ ഹൈദരാബാദിന് രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതാം സ്ഥാനത്തേക്ക് പിന്തരള്ളി പോയന്‍റ് പട്ടികയില്‍ എട്ടാമതെത്താം. അതേസമയം, ഇന്നലെ പഞ്ചാബിനെതിരെ തോറ്റതോടെ റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍രെ പ്ലേ ഓഫ് സാധ്യതകള്‍ക്കും കനത്ത തിരിച്ചടിയേറ്റു. 11 കളികളില്‍ 10 പോയന്‍റുള്ള ലക്നൗവിന് ശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാലും പരമാവധി 16 പോയന്‍റ് മാത്രമെ നേടാനാവു. പോയന്‍റ് പട്ടികയില്‍ നിലവില്‍ ആറാമതുള്ള കൊല്‍ക്കത്തക്ക് വരെ പരമാവധി 17 പോയന്‍റ് നേടാനാവമെന്നതിനാല്‍ ലക്നൗവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലായി. 11 കളികളില്‍ നാലു പോയന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ് അവസാന സ്ഥാനത്ത്.


