റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 11 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഏഴാം പരാജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്
ബെംഗളൂരു: ഐപിഎല്‍ 2025ല്‍ ഇതുവരെ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ റോയല്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രാഹുല്‍ ദ്രാവിഡിനെ പോലൊരു കൂര്‍മ്മബുദ്ധിശാലി പരിശീലകന്‍റെ റോളില്‍ കൂടെയുണ്ടായിട്ടും റോയല്‍സ് കളിക്കുന്നത് ബുദ്ധിരഹിതമായ ക്രിക്കറ്റാണ് എന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.
'റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരം കാണാന്‍ ഞാന്‍ മൈതാനത്തുണ്ടായിരുന്നു. ഏത് തരം ക്രിക്കറ്റാണ് അവര്‍ കളിക്കുന്നതെന്ന് അതിനാല്‍ തന്നെ നേരിട്ട് കാണാനായി. രാഹുല്‍ ദ്രാവിഡിനെ പോലൊരാള്‍ കോച്ചായിട്ടും ബുദ്ധിശൂന്യമായ ക്രിക്കറ്റാണ് രാജസ്ഥാന്‍ റോയല്‍സ് കളിക്കുന്നത്, ദ്രാവിഡ് പരിശീലകനായി ടീമിലുള്ളപ്പോള്‍ അത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ദ്രാവിഡ് കൃത്യതയോടെ ചിന്തിക്കുന്നയാളാണ്. എന്നാലത് ചില രാജസ്ഥാന്‍ റോയല്‍സ് താരങ്ങളിലേക്ക് എത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ ചിന്താ പ്രക്രിയ എവിടെയാണ്. പരിചയസമ്പത്തില്ലാത്ത താരങ്ങള്‍ എപ്പോഴും ശരിയായ കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല' എന്നും സ്റ്റാര്‍ സ്പോര്‍ട്‌സില്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 11 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെ ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഏഴാം പരാജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ഈ സീസണില്‍ റോയല്‍സ് തോറ്റു. ആര്‍സിബിയുടെ 205 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സിന് 20 ഓവറില്‍ 194-9 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റുമായി ആര്‍സിബി പേസര്‍ ജോഷ് ഹേസല്‍വുഡാണ് രാജസ്ഥാന്‍ റോയല്‍സിനെ എറിഞ്ഞിട്ടത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ അവസാന രണ്ടോവറില്‍ 18 റണ്‍സാണ് ജയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയിരുന്നത്. എന്നാല്‍ 19-ാം ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി ഇരട്ട വിക്കറ്റുമായി ഹേസല്‍വുഡാണ് കളി തിരിച്ചു. അവസാന ഓവറിലെ 17 റണ്‍സ് വിജയലക്ഷ്യം റോയല്‍സിന് അപ്രാപ്യമായി.
റോയലാവാതെ റോയല്‍സ്
19 പന്തില്‍ 49 റണ്‍സ് നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ടോപ് സ്കോറര്‍. വൈഭവ് സൂര്യവന്‍ഷി (12 പന്തില്‍ 16), നിതീഷ് റാണ (22 പന്തില്‍ 28), റിയാന്‍ പരാഗ് (10 പന്തില്‍ 22), ധ്രുവ് ജൂരെല്‍ (34 പന്തില്‍ 47), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ (8 പന്തില്‍ 11), ശുഭം ദുബെ (7 പന്തില്‍ 12), ജോഫ്ര ആര്‍ച്ചര്‍ (1 പന്തില്‍ 0), വനിന്ദു ഹസരങ്ക (3 പന്തില്‍ 1), തുഷാര്‍ ദേശ്‌പാണ്ഡെ (2 പന്തില്‍ 1*), ഫസല്‍ഹഖ് ഫറൂഖി (2 പന്തില്‍ 1*) എന്നിങ്ങനെയാണ് മറ്റ് റോയല്‍സ് ബാറ്റര്‍മാരുടെ സ്കോര്‍. ആര്‍സിബിക്കായി ജോഷ് ഹേസല്‍വുഡ് നാലും ക്രുനാല്‍ പാണ്ഡ്യ രണ്ടും ഭുവിയും യാഷ് ദയാലും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, 42 പന്തുകളില്‍ 70 റണ്‍സ് നേടിയ വിരാട് കോലിയും, 27 പന്തില്‍ 50 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലും, 10 പന്തില്‍ പുറത്താവാതെ 20* നേടിയ ജിതേഷ് ശര്‍മ്മയുമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 20 ഓവറില്‍ 205-5 എന്ന സ്കോറിലെത്തിച്ചത്. ഫില്‍ സാള്‍ട്ട് 23 പന്തില്‍ 26 ഉം, ടിം ഡേവിഡ് 15 പന്തില്‍ 23 റണ്‍സും നേടി. രാജസ്ഥാന്‍ റോയല്‍സിനായി സന്ദീപ് ശര്‍മ്മ രണ്ടും ജോഫ്ര ആര്‍ച്ചറും വനിന്ദു ഹസരങ്കയും ഓരോ വിക്കറ്റും സ്വന്തമാക്കി.
Read more: ഐപിഎല്‍: അഞ്ച് തുടര്‍ തോല്‍വികള്‍, ആകെ ഏഴ് പരാജയം; രാജസ്ഥാന്‍ റോയല്‍സിന് ഇപ്പോഴും പ്ലേഓഫ് സാധ്യത!
