വിരാട് കോലി- ജസ്പ്രീത് ബുമ്ര പോരാട്ടം ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ തമ്മിലുള്ള മത്സരമെന്ന് ഇപ്പോള്‍ വിശേഷിപ്പിക്കാനാവില്ല എന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ കുറിപ്പ്   

ദില്ലി: ഐപിഎല്‍ 2025ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുന്ന വിരാട് കോലിയുടെ പ്രഹരശേഷിയെ കുറിച്ച് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ പരാമര്‍ശങ്ങളോട് തിരിച്ചടിച്ച് കോലിയുടെ സഹോദരന്‍ വികാസ് കോലി. കോലിയുടെ പ്രതാപകാലം കഴിഞ്ഞെന്നും നിലവിലെ നിലയില്‍ വിരാട് കോലി vs ജസ്‌പ്രീത് ബുമ്ര പോരാട്ടത്തെ വമ്പന്‍ ഏറ്റുമുട്ടലായി കണക്കാക്കാന്‍ കഴിയില്ല എന്നുമായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രഡ്‌സിലൂടെ മഞ്ജരേക്കറുടെ പ്രസ്‌താവന. ഇതിന് സഞ്ജയ് മഞ്ജരേക്കറുടെ ഏകദിന സ്ട്രൈക്ക്റേറ്റ് ചൂണ്ടിക്കാട്ടിയാണ് വികാസ് കോലി മറുപടി നല്‍കിയത്. 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ ഗണത്തില്‍പ്പെടുത്താവുന്ന വിരാട് കോലിയെ വിമര്‍ശിക്കാന്‍ മാത്രം യോഗ്യനാണോ സഞ്ജയ് മഞ്ജരേക്കര്‍ എന്ന് പരിഹസിക്കും തരത്തിലായിരുന്നു വികാസ് കോലിയുടെ പ്രതികരണം. 'മിസ്റ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍, നിങ്ങളുടെ ഏകദിന കരിയര്‍ സ്ട്രൈക്ക് റേറ്റ് 64.31 ആണ്. അതിനാല്‍തന്നെ 200+ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് അനായാസമായി സംസാരിക്കാം'- എന്നായിരുന്നു ത്രഡ്‌സില്‍ മഞ്ജരേക്കര്‍ക്ക് വിരാട് കോലിയുടെ സഹോദരന്‍ വികാസ് കോലിയുടെ മറുപടി. 

സഞ്ജയ് മഞ്ജരേക്കര്‍ വിമര്‍ശിക്കുമ്പോഴും വിരാട് കോലി ആര്‍സിബിക്കായി ഐപിഎല്‍ പതിനെട്ടാം സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോലിയുമുണ്ട്. 10 ഇന്നിംഗ്‌സുകളില്‍ 63.29 ശരാശരിയും മോശമല്ലാത്ത 138.87 സ്ട്രൈക്ക് റേറ്റുമായി കോലി റണ്‍വേട്ടയില്‍ രണ്ടാമത് നില്‍ക്കുന്നു. 39 ബൗണ്ടറികളും 13 സിക്‌സറുകളും വിരാട് കോലി ഇതിനകം നേടി. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ സായ് സുദര്‍ശന്‍ മാത്രമേ കോലിക്ക് മുകളിലുള്ളൂ. ഐപിഎല്‍ 2025ല്‍ പത്ത് ഇന്നിംഗ്‌സുകളില്‍ ആറ് അര്‍ധസെഞ്ചുറികള്‍ കിംഗ് കോലി നേടിയപ്പോള്‍ 73 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. സീസണില്‍ ആര്‍സിബിക്ക് അണ്‍ബീറ്റണ്‍ എവേ റെക്കോര്‍ഡ് നിലനിര്‍ത്താന്‍ കോലിയുടെ ഫോം സഹായകമായി. 

ഏറ്റവും അവസാനം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കളത്തിലിറങ്ങിയപ്പോഴും വിരാട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സ് 163 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബിക്ക് മുന്നില്‍ വച്ചുനീട്ടിയത്. ചേസിംഗില്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കൊപ്പം 119 റണ്‍സ് കൂട്ടുകെട്ടുമായി കോലി ബെംഗളൂരു ജയത്തില്‍ നിര്‍ണ്ണായകമായി. ആംഗര്‍ റോളില്‍ കളിച്ച കോലി 47 പന്തുകളില്‍ നാല് ബൗണ്ടറികള്‍ സഹിതം 51 റണ്‍സെടുത്താണ് മടങ്ങിയത്. 

Read more: ആ 24 കോടിയോളം രൂപ വെള്ളത്തിലായോ? ഐപിഎല്‍ 2025ലെ ഏറ്റവും ഫ്ലോപ്പോ വെങ്കടേഷ് അയ്യര്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം