ഐപിഎല്‍ 2026 പ്ലേ ഓഫ് സാധ്യതകള്‍ സങ്കീര്‍ണമായിരിക്കെ, പഞ്ചാബ് കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നിര്‍ണായകമാണ്. ഇന്നത്തെ മത്സരത്തില്‍ ആര്‍സിബി ജയിച്ചാല്‍, ശേഷിക്കുന്ന രണ്ട് കളികളും വിജയിച്ച് സിഎസ്‌കെയ്ക്ക് നെറ്റ് റണ്‍റേറ്റിനെ ആശ്രയിക്കാതെ പ്ലേ ഓഫിലെത്താം.
ധരംശാല: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മത്സരമില്ലെങ്കിലും പഞ്ചാബ് കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള കളിയുടെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് സിഎസ്‌കെ ഫാന്‍സ്. ഐപിഎല്‍ 2026-ന്‍റെ പ്ലേ ഓഫ് സാധ്യതകളെ നിര്‍ണയിക്കുന്ന മത്സരമാണ് ഇന്ന് പഞ്ചാബും ബെംഗളൂരുവും തമ്മില്‍ നടക്കുന്നത്.

ആര്‍സിബി ജയിച്ചാല്‍ മെച്ചം സിഎസ്‌കെയ്‌ക്ക്
കഴിഞ്ഞ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയ്‌ന്‍റ്‌സിനോട് ഏഴ് വിക്കറ്റിന്‍റെ കനത്ത തോല്‍വി നേരിട്ടതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 12 കളികളില്‍ 12 പോയിന്‍റുമായി നിലവില്‍ ആറാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളാണ് സിഎസ്‌കെയ്‌ക്ക് അവശേഷിക്കുന്നത്. അവശേഷിക്കുന്ന ഇരു കളികളിലും ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 16 പോയിന്‍റുകളിലേക്കെത്താം. ഇന്ന് ആര്‍സിബിയാണ് ജയിക്കുന്നതെങ്കില്‍ ബെംഗളൂരു ടീം ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കും. 12 മത്സരങ്ങളില്‍ 13 പോയിന്‍റുകളുള്ള പഞ്ചാബ് കിംഗ്‌സ് ഇന്ന് പരാജയം രുചിച്ചാല്‍ സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യതകള്‍ വര്‍ധിക്കും. അവശേഷിക്കുന്ന ഒരു മത്സരം കൂടി ജയിച്ചാലും അങ്ങനെയെങ്കില്‍ പഞ്ചാബിന് 15 പോയിന്‍റുകളേ ആകെ നേടാനാകൂ. അതേസമയം, രണ്ട് മത്സരങ്ങളില്‍ ജയിച്ച് 16 പോയിന്‍റുകളിലേക്കെത്താനുള്ള സുവര്‍ണാവസരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കാത്തിരിക്കുന്നു. ഇന്ന് പഞ്ചാബ് തോല്‍ക്കുകയും ഇനി സിഎസ്‌കെ അവശേഷിക്കുന്ന ഇരു കളികളും ജയിക്കുകയും ചെയ്‌താല്‍ നെറ്റ് റണ്‍റേറ്റിനെ ആശ്രയിക്കാതെ തന്നെ ചെന്നൈ ടീമിന് ടോപ് ഫോറില്‍ സ്ഥാനമുറപ്പിക്കാം. എന്നാല്‍ ഇന്ന് ജയം പഞ്ചാബ് കിംഗ്‌സിനാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ തുലാസിലാവും.
അവസാന രണ്ട് കളികളും ജയിക്കാനുറച്ച് സിഎസ്‌കെ
ഇനി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കെതിരെയാണ് സിഎസ്‌കെയ്‌ക്ക് മത്സരങ്ങള്‍ അവശേഷിക്കുന്നത്. ടീമിന് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലൊന്ന് തോറ്റാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കും. നിലവില്‍ മുംബൈ ഇന്ത്യന്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടാതെ പുറത്തായിട്ടുള്ളത്. അവശേഷിക്കുന്ന എട്ട് ടീമുകളും തമ്മില്‍ പ്ലേ ഓഫ് ബര്‍ത്തിനായി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇന്ന് ജയിച്ചാല്‍ ആര്‍സിബി പ്ലേ ഓഫിലെത്തും. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.


