42 പന്തുകൾ നേരിട്ട കെ.എൽ രാഹുൽ 57 റൺസുമായി പുറത്താകാതെ നിന്നു. 

ലക്നൌ: ഐപിഎല്ലിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണറായി ക്രീസിലെത്തി 51 റൺസ് നേടിയ അഭിഷേക് പോറെലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലുമാണ് ഡൽഹിയുടെ വിജയശിൽപ്പികൾ. 

Add Asianetnews as a Preferred SourcegooglePreferred

പവർ പ്ലേയിൽ ഡൽഹി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 6 ഓവർ പൂർത്തിയായപ്പോൾ ടീം സ്കോർ 54 റൺസിലെത്തിയിരുന്നു. കരുൺ നായർ 9 പന്തിൽ 15 റൺസുമായി മടങ്ങിയെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ കെ. എൽ രാഹുലും അഭിഷേക് പോറെലും ഇന്നിംഗ്സ് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി. 36 പന്തുകൾ നേരിട്ട അഭിഷേക് പോറെൽ 5 ബൌണ്ടറികളും ഒരു സിക്സറും സഹിതം 51 റൺസ് നേടി. മറുഭാഗത്ത് ഉറച്ചുനിന്ന രാഹുൽ ക്ഷമയോടെയാണ് ബാറ്റ് വീശിയത്. അക്സർ പട്ടേൽ ക്രീസിലെത്തിയതോടെ സ്കോറിംഗിന് വേഗം കൂടി.

15 ഓവറുകൾ പൂർത്തിയാകുമ്പോൾ ഡൽഹി 2ന് 127 റൺസ് എന്ന നിലയിലായിരുന്നു. 16-ാം ഓവർ എറിയാനെത്തിയ ശാർദൂൽ താക്കൂറിനെതിരെ രാഹുൽ ബൌണ്ടറിയും അക്സർ സിക്സറും കണ്ടെത്തിയതോടെ ഡൽഹി വിജയലക്ഷ്യത്തോട് അതിവേഗം അടുത്തു. അർദ്ധ സെഞ്ച്വറിയും പിന്നിട്ട് കുതിച്ച രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 42 പന്തുകൾ നേരിട്ട രാഹുൽ 3 വീതം ബൌണ്ടറികളും സിക്സറുകളും സഹിതം 57 റൺസുമായി പുറത്താകാതെ നിന്നു. 20 പന്തുകളിൽ നിന്ന് 34 റൺസുമായി പുറത്താകാതെ നിന്ന അക്സർ രാഹുലിന് ഉറച്ച പിന്തുണ നൽകി. ജയത്തോടെ ഡൽഹി രണ്ടാം സ്ഥാനം നിലനിർത്തി. 

READ MORE: ഐപിഎല്ലില്‍ ഒത്തുകളിച്ചോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജസ്ഥാൻ റോയല്‍സ്