മധ്യനിര ബാറ്റര്‍ മനീഷ് പാണ്ഡെയാണ് രാജസ്ഥാന്‍ റോയല്‍സിന് വാങ്ങാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തിനുള്ള (IPL Auction 2022) അവസാനവട്ട ഒരുക്കങ്ങളിലാണ് ടീമുകള്‍. ആദ്യ സീസണിലെ കിരീടത്തിന് ശേഷം കാര്യമായി ശോഭിക്കാനാവാത്ത രാജസ്ഥാന്‍ റോയല്‍സും (Rajasthan Royals) തിരക്കിട്ട കൂടിയാലോചനകളിലാണ്. മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന ടീം മെഗാതാരലേലത്തില്‍ ലക്ഷ്യമിടേണ്ട താരങ്ങളുടെ സൂചന ഇങ്ങനെയാണ്. 

മധ്യനിര ബാറ്റര്‍ മനീഷ് പാണ്ഡെയാണ് രാജസ്ഥാന്‍ റോയല്‍സിന് വാങ്ങാന്‍ കഴിയുന്ന താരങ്ങളിലൊരാള്‍. ഐപിഎല്ലില്‍ 154 മത്സരങ്ങളില്‍ 30.68 ശരാശരിയില്‍ 3560 റണ്‍സുള്ള റെക്കോര്‍ഡും പരിചയസമ്പത്തും മനീഷിന്‍റെ കരുത്താണ്. ഓപ്പണറുടെ റോളിലും തിളങ്ങാനാവുന്ന തന്‍മയ് അഗര്‍വാളാണ് മറ്റൊരു താരം. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ 55.66 ശരാശരിയില്‍ 334 റണ്‍സ് തന്‍മയ് നേടിയിരുന്നു. 

മികച്ച ഫിനിഷറെന്ന് അടുത്തകാലത്ത് പേരെടുത്ത ഷാരുഖ് ഖാനാണ് ലേലത്തിലെ മറ്റൊരു ശ്രദ്ധേയ താരം. മുഷ്‌താഖ് അലി ട്രോഫി ഫൈനലില്‍ അവസാന പന്തില്‍ സിക്‌സറടിച്ച് തമിഴ്‌നാടിനെ ജയിപ്പിച്ച വീര്യം ഷാരുഖിന്‍റെ ഫിനിഷിംഗ് കഴിവിന് തെളിവ്. അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയ, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ബേബി ഡിവില്ലിയേഴ്സ് എന്നറിയപ്പെടുന്ന എ ബി ഡെവാള്‍ഡ് ബ്രെവിസിനെയും രാജസ്ഥാന് നോട്ടമിടാവുന്നതാണ്. 

സമകാലിക ക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നനായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഷാക്കിബ് അല്‍ ഹസനും രാജസ്ഥാന്‍റെ റഡാറില്‍ പതിഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. ഷാക്കിബിന്‍റെ പരിചയസമ്പത്ത് നായകന്‍ സഞ്ജു സാംസണും തുണയാകും. ലേലത്തില്‍ ഏറെ ടീമുകള്‍ നോട്ടമിടാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍. അടുത്തിടെ രാജ്യാന്തര ടി20യില്‍ ഹാട്രിക് തികച്ചാണ് ലേലത്തിന് ഹോള്‍ഡര്‍ വരുന്നത്. 

പേസ് കുന്തമുനയായിരുന്ന ജോഫ്ര ആര്‍ച്ചറിന് ഉചിതനായ പകരക്കാരനെ കണ്ടെത്തുക രാജസ്ഥാന്‍ റോയല്‍സിന് മുന്നിലുള്ള വെല്ലുവിളിയാണ്. 64 ടി20കളുടെ പരിചയമുള്ള ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ഇതിനൊരു പരിഹാരമായേക്കും. നിലനിര്‍ത്തിയില്ലെങ്കിലും ബംഗ്ലാ പേസര്‍ മുസ്‌താഫിസൂര്‍ റഹ്‌മാനായി രാജസ്ഥാന്‍ ഒരു ശ്രമം നടത്താനിടയുണ്ട്. ഡെത്ത് ഓവറുകളില്‍ ഏറെ മികവ് കാട്ടുന്ന ബൗളര്‍ എന്നതുതന്നെ കാരണം. 176 ടി20കളില്‍ 236 വിക്കറ്റ് മുസ്‌താഫിസൂറിന്‍റെ കരുത്ത്. 

ഇന്ത്യന്‍ താരങ്ങളില്‍ രാജസ്ഥാന് ടീമിലെത്തിക്കാന്‍ കെല്‍പുള്ള താരങ്ങളിലൊരാളാണ് സ്‌പിന്നര്‍ കുല്‍ദീപ് യാദവ്. മുന്‍നിര സ്‌പിന്നറുടെ അഭാവം കുല്‍ദീപിലൂടെ നികത്താനുമാകും.

രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണെയാണ് ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തിയത്. മൂന്ന് കളിക്കാരെ മാത്രം നിലനിര്‍ത്തിയതിനാല്‍ സഞ്ജുവിന് 14 കോടി രൂപയാണ് പ്രതിഫലം. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍(10 കോടി), യശസ്വി ജയ്‌സ്വാള്‍(4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റു കളിക്കാര്‍. 

IPL Auction 2022: നാളെമുതല്‍ ഐപിഎല്‍ താരലേലച്ചൂട്! ഒരുനിമിഷം പോലും മിസ് ചെയ്യരുത്; നേരില്‍ക്കാണാന്‍ ഈ വഴികള്‍