ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ സായ് സുദര്‍നെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ സൂര്യകുമാര്‍ യാദവിന് അവസരമുണ്ടായിരുന്നു. എന്നാല്‍ 26 പന്തില്‍ 44 റണ്‍സെടുത്ത് സൂര്യകുമാറും ഫൈനലിലെത്താതെ മുംബൈ ഇന്ത്യൻസും പുറത്തായതോടെ സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് സേഫാക്കി.
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനോട് തോറ്റ് പുറത്തായതോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശന്‍. 15 മത്സരങ്ങളില്‍ 759 റണ്‍സുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദര്‍ശന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായിരുന്ന മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ 650 റണ്‍സടിച്ച ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ സായ് സുദര്‍നെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ സൂര്യകുമാര്‍ യാദവിന് അവസരമുണ്ടായിരുന്നു. എന്നാല്‍ 26 പന്തില്‍ 44 റണ്‍സെടുത്ത് സൂര്യകുമാറും ഫൈനലിലെത്താതെ മുംബൈ ഇന്ത്യൻസും പുറത്തായതോടെ സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് സേഫാക്കി. 627 റണ്‍സുമായി നാലാം സ്ഥാനത്തുള്ള മിച്ചല്‍ മാര്‍ഷിനും ഇനി മുന്നേറാന്‍ അവസരമില്ല.
614 റണ്‍സുമായി അഞ്ചാം സ്ഥാനത്തുള്ള വിരാട് കോലിക്കും 603 റണ്‍സുമായി ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യര്‍ക്കും മാത്രമാണ് ഇനി സായ് സുദര്‍ശന് എന്തെങ്കിലും ഭീഷണി ഉയര്‍ത്താനാവു. എന്നാല്‍ സായ് സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കണമെങ്കില്‍ വിരാട് കോലെ നാളെ ഫൈനലില്‍ 146 റണ്‍സും ശ്രേയസ് അയ്യര്‍ 157 റണ്‍സും നേടേണ്ടിവരും. ആദ്യ പത്തിലുള്ള യശസ്വി ജയ്സ്വാള്‍(559), കെ എല്‍ രാഹുല്‍(539), ജോസ് ബട്‌ലര്‍(538), നിക്കോളാസ് പുരാന്‍(524) എന്നിവരെല്ലാം ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.
അതേസമയം 25 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിൾ ക്യാപ് ഗുജറാത്തിന്‍റെ പ്രസിദ്ധ് കൃഷ്ണ ഏറെക്കുറെ ഉറപ്പിച്ചെങ്കിലും 21 വിക്കറ്റുമായി നാലാം സ്ഥാനത്തുള്ള ജോഷ് ഹേസല്‍വുഡ് ഭീഷണിയായുണ്ട്. ഫൈനലില്‍ ഹേസല്‍വുഡ് അഞ്ച് വിക്കറ്റ് നേടിയാല്‍ പര്‍പ്പിള്‍ ക്യാപ് ആര്‍സിബി താരത്തിന്‍റെ തലയിലിരിക്കും. ചെന്നൈയുടെ നൂര്‍ അഹമ്മദ്(24), ട്രെന്‍റ് ബോള്‍ട്ട്(22) എന്നിവര്‍ക്കും ഇനി പ്രസിദ്ധിനെ മറികടക്കാനാവില്ല.
സായ് കിഷോര്‍(19) അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഇന്നലെ പഞ്ചാബിനെതിരെ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന മുംബൈയുടെ ജസ്പ്രീത് ബുമ്ര 18 വിക്കറ്റുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 18 വിക്കറ്റുള്ള പഞ്ചാബിന്‍റെ അര്‍ഷ്ദീപ് സിംഗിന് നാളെ ബുമ്രയെ മറികടന്ന് നില മെച്ചപ്പെടുത്താന്‍ അവസരമുണ്ട്. നൈഭവ് അറോറ(17), വരുണ്‍ ചക്രവര്‍ത്തി(17), പാറ്റ് കമിന്‍സ്(16) എന്നിവരാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്.


