43 റൺസ് നേടിയ ആയുഷ് മാഹ്ത്രെയുടെ പ്രകടനം ചെന്നൈയുടെ ഇന്നിംഗ്സിൽ നിര്‍ണായകമായി. 

ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 188 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. 43 റൺസ് നേടിയ ആയുഷ് മാഹ്ത്രെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

പവര്‍ പ്ലേയിൽ തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ഓപ്പണര്‍ ഡെവോൺ കോൺവെ (10) രണ്ടാം ഓവറിൽ തന്നെ പുറത്തായി. ഇതേ ഓവറിൽ തന്നെ ഉര്‍വിൽ പട്ടേലിനെ കൂടി പുറത്താക്കി യുദ്ധ്വിര്‍ സിംഗ് ചെന്നൈയ്ക്ക് ഇരട്ടി പ്രഹരം നൽകി. എന്നാൽ, ആയുഷ് മാഹ്ത്രെയുടെ വെടിക്കെട്ട് ബാറ്റിംഗ് ചെന്നൈയെ മത്സരത്തിലേയ്ക്ക് ശക്തമായി തിരിച്ചു കൊണ്ടുവന്നു. പവര്‍ പ്ലേ പൂര്‍ത്തിയാകുന്നതിന് തൊട്ട് മുമ്പ് അപകടകാരിയായ മാഹ്ത്രെയെ പുറത്താക്കി തുഷാര്‍ ദേശ്പാണ്ഡെ രാജസ്ഥാന് വീണ്ടും മേൽക്കൈ നൽകി. 6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ 3ന് 68 എന്ന നിലയിലായിരുന്നു ചെന്നൈ. 

പവര്‍ പ്ലേ പിന്നിട്ടതോടെ രാജസ്ഥാന്‍ നായകൻ സഞ്ജു സാംസൺ സ്പിന്നര്‍ വാനിന്ദു ഹസറംഗയെ പന്തേൽപ്പിച്ചു. മൂന്നാം പന്തിൽ തന്നെ രവിചന്ദ്രൻ അശ്വിനെ (13) ഹസറംഗ മടക്കിയയച്ചു. തൊട്ടടുത്ത ഓവറിൽ രവീന്ദ്ര ജഡേജയെ (1) യുദ്ധ്വിര്‍ സിംഗ് പുറത്താക്കി. ഇതോടെ ഡെവാൾഡ് ബ്രെവിസ് - ശിവം ദുബെ സഖ്യം ക്രീസിലൊന്നിച്ചു. ഒരറ്റത്ത് വിക്കറ്റുകൾ വീണിട്ടും ചെന്നൈ സ്കോറിംഗിന്റെ വേഗം കുറച്ചില്ല. 10 ഓവർ പൂർത്തിയാകും മുമ്പ് തന്നെ ടീം സ്കോർ 100 കടന്നിരുന്നു. തകര്‍പ്പൻ ഷോട്ടുകളിലൂടെ ഒരറ്റത്ത് ബ്രെവിസ് നിലയുറപ്പിച്ചു. 25 പന്തുകൾ നേരിട്ട ബ്രെവിസ് 42 റൺസ് നേടി. 13.4 ഓവറിൽ ബ്രെവിസ് പുറത്തായതോടെ നായകൻ മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തി.

കരുതലോടെ ബാറ്റ് വീശിയ ശിവം ദുബെയും ധോണിയും ചെന്നൈയുടെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 15.3 ഓവറിൽ ടീം സ്കോര്‍ 150 പിന്നിട്ടു. ഇതിനിടെ റിയാൻ പരാഗിനെ സിക്സറടിച്ച് ധോണി പുതിയ റെക്കോര്‍ഡ് നേടി. ടി20 ക്രിക്കറ്റിൽ 350 സിക്സറുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി ധോണി മാറി. എന്നാൽ, അവസാന ഓവറുകളിൽ ധോണിയ്ക്കും ദുബെയ്ക്കും ബൗണ്ടറികൾ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ചെന്നൈയുടെ സ്കോര്‍ 187ൽ ഒതുങ്ങിയത്. 32 പന്തുകൾ നേരിട്ട ശിവം ദുബെ 39 റൺസ് മാത്രമാണ് നേടിയത്. 17 പന്തുകൾ നേരിട്ടെങ്കിലും ധോണിയ്ക്ക് 16 റൺസ് മാത്രമേ നേടാനായുള്ളൂ.