എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്തൊരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

ചെന്നൈ: ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെയും കൈമാറുന്ന താരങ്ങളെയും അറിയിക്കാനുള്ള അവസാന തീയതി അടുത്തിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്. ഇതിനിടെ ഐപിഎല്‍ താരകൈമാറ്റ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ സഞ്ജുവിന്‍റെ പേരെടുത്ത് പറയാതെ പരോക്ഷ സൂചനയുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. നേരത്തെ സഞ്ജു ചെന്നൈയിലെത്തുമോ എന്ന ചോദ്യത്തിന് സാധ്യതയില്ല... സാധ്യതയില്ലെന്നായിരുന്നു, ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്തൊരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ടീമിന്‍റെ ഭാഗ്യചിഹ്നമായ ലിയോക്ക് വരുന്നൊരു ഫോണ്‍ കോളിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ഫോണെടുക്കുന്ന ലിയോ കേള്‍ക്കുന്നത് രജനീകാന്തിന്‍റെ വേട്ടയ്യന്‍ എന്ന ചിത്രത്തിലെ സേട്ടന്‍ വന്നല്ലേ, സേട്ടൈ ചെയ്യാന്‍ വന്നല്ലേ എന്ന പാട്ടാണ്. ഇതുകേട്ട് തലപുകയ്ക്കുന്ന ലിയോ നേരെ സിഇഒ ആയ കാശി വിശ്വനാഥന്‍റെ റൂമിലെത്തി കാര്യം തിരക്കുന്നു. എന്താണ് കാര്യമെന്ന് ചോദിക്കുന്ന കാശി വിശ്വനാഥനോട് ലിയോ കാര്യം പറയുമ്പോള്‍, ട്രേഡ് അഭ്യൂഹങ്ങളല്ലേ, ഒരു നിമിഷം എന്നുപറഞ്ഞ് ഫോണെടുക്കുന്ന കാശി വിശ്വനാഥൻ ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമിന്‍റെ സിഇഒ ആയ തന്നെപ്പോലും പഞ്ചാബ് കിംഗ്സിന് കൊടുത്ത് പ്രീതി സിന്‍റയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയതിന്‍റെ വാര്‍ത്ത ഫോണില്‍ കാണിച്ചു കൊടുക്കുന്നു.

Scroll to load tweet…

പിന്നീട് നിയമപരമായൊരു മുന്നറിയിപ്പും നല്‍കുന്നു, ട്രേഡ് അഭ്യൂഹങ്ങള്‍ വായിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാം, അതുകൊണ്ട് മാനസികാരോഗ്യത്തിന് ഔദ്യോഗിക അറിയിപ്പു വരുന്നതുവരെ കാത്തിരിക്കുക എന്നും പറയുന്നു. സഞ്ജുവിന്‍റെ പേരെടുത്ത് പറയുന്നില്ലെങ്കിലും സേട്ടന്‍ വന്നില്ലെ എന്ന മലയാളം പാട്ടും കാശി വിശ്വനാഥന്‍റെ പ്രതികരണവും സഞ്ജുവിന്‍റെ വരവിനെക്കുറിച്ചു തന്നെയാണെന്നാണ് ആരാധകര്‍ ഡീകോഡ് ചെയ്തെടുക്കുന്നത്. ഈ മാസം 14നോ 15നോ മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തിലും കൈവിടുന്ന കാര്യങ്ങളുടെ താരങ്ങളുടെ കാര്യത്തിലും ടീമുകള്‍ തീരുമാനമെടുക്കേണ്ടിവരും. സഞ്ജുവില്‍ നേരത്തെ ചെന്നൈ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പകരം കൈമാറേണ്ട താരങ്ങളുടെ കാര്യത്തില്‍ രാജസ്ഥാന്‍റെ നിലപാടാണ് കൈമാറ്റം നടക്കാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക