മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍സ്ഥാനം കെ എല്‍ രാഹുല്‍ ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. ഇതോടെ ഋഷഭ് പന്തിന്റെ സ്ഥാനം പരുങ്ങലിലായി. ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ അഞ്ച് ടി20 മത്സരങ്ങിലും രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍. ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലും രാഹുലാണ് പന്തിനേക്കാള്‍ മികച്ചവനെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും ഇക്കാര്യം അഭിപ്രായപ്പെട്ടിരിക്കുന്നു. വിക്കറ്റ് കീപ്പിങ്ങില്‍ പന്തിന് ഏറെ മെച്ചപ്പെടാനുണ്ടെന്നാണ് പഠാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ബാറ്റിങ് കണക്കിലെടുത്താന്‍ പന്തിന് വലിയ ഭാവിയുണ്ട്. എന്നാല്‍ വിക്കറ്റിന് പിന്നില്‍ താരാം ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. കഠിനാധ്വാം ചെയ്‌തെങ്കില്‍ മാത്രമെ പന്തിന് കീപ്പിങ് മെച്ചപ്പെടുത്താന്‍ സാധിക്കൂ. ഇപ്പോള്‍ പന്തിനെക്കാള്‍ മികച്ച കീപ്പറാണ് രാഹുല്‍.'' ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി. 

മുന്‍താരം വിവിഎസ് ലക്ഷ്മണും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വിക്കറ്റ് കീപ്പിങ്ങില്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമെ പന്തിന് ടീമില്‍ തിരിച്ചെത്താന്‍ സാധിക്കൂവെന്ന് ലക്ഷ്മണ്‍ പറഞ്ഞിരുന്നു. സ്‌പെഷ്യലിസ്റ്റ് കീപ്പറായിട്ടും അന്താരാഷ്ട്ര മത്സരങ്ങളില്‍ വിക്കറ്റ് കാത്തിട്ടില്ലാത്ത രാഹുലിലാണ് ടീം മാനേജ്മെന്റ് കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നതെന്ന യാഥാര്‍ഥ്യം പന്ത് മനസ്സിലാക്കണമെന്നും ലക്ഷ്മണ്‍ പറഞ്ഞിരുന്നു.