ടി20 ടീമില്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ ഏത് കളിക്കാരനും വഴക്കമുണ്ടാകണമെന്നത് ശരിയാണ്. പക്ഷെ അതിനര്‍ത്ഥം ടീമിലെ കളിക്കാര്‍ക്ക് നിശ്ചിത റോളുകള്‍ വേണ്ടന്നല്ല.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. സഞ്ജുവിനെ ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലേക്കും താഴേക്കും തട്ടിക്കളിക്കുന്നത് ഒട്ടും ഫലപ്രദമാവില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ഒട്ടേറെ തന്ത്രപരമായ പിഴവുകള്‍ സംഭവിച്ചുവെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.

ടി20 ടീമില്‍ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ ഏത് കളിക്കാരനും വഴക്കമുണ്ടാകണമെന്നത് ശരിയാണ്. പക്ഷെ അതിനര്‍ത്ഥം ടീമിലെ കളിക്കാര്‍ക്ക് നിശ്ചിത റോളുകള്‍ വേണ്ടന്നല്ല. ഓപ്പണര്‍മാരൊഴികെ ആര്‍ക്കും ടി20 ടീമില്‍ സ്ഥിരം സ്ഥാനം ഉണ്ടാകില്ലെന്ന് അറിയാത്ത ആളല്ല ഞാന്‍. ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാനുള്ള വഴക്കമുണ്ടാകുകയും പ്രധാനമാണ്. എന്നാല്‍ ഒരുപാട് വഴക്കം കൂടുമ്പോള്‍ കളിക്കാരുടെ റോളുകള്‍ തന്നെ നഷ്ടപ്പെടാനിടയുണ്ട്. അക്കാര്യം കൂടി കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ശ്രദ്ധിക്കണമെന്നും പത്താന്‍ പറഞ്ഞു.

കളിക്കാരുടെ റോളുകള്‍ ഇങ്ങനെ മാറുമ്പോള്‍ അവരുടെ സമീപനവും മാറ്റേണ്ടിവരും. ഏഷ്യാ കപ്പില്‍ സഞ്ജു കളിച്ചത് മധ്യനിരയിലാണ്. അവിടെ പഴയ പന്തുകളാണ് സഞ്ജുവിന് നേരിടേണ്ടിവന്നത്. ഓപ്പണറായി ഇറങ്ങുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണത്. ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ അവന്‍ നേടിയിട്ടുണ്ട്. ടീമിലെ റോളിനെക്കുറിച്ച് ഒരു കളിക്കാരന് വ്യക്തതയില്ലാതെ വരുമ്പോള്‍ അയാള്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലാകുകയാണ് ചെയ്യുന്നത്. അത്തരം ഘട്ടങ്ങളില്‍ ടീമിന്‍റെ ശക്തമായ പിന്തുണ ആവശ്യമാണ്. സഞ്ജുവിന് ഇപ്പോള്‍ ആ പിന്തുണ കിട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ മൂന്നോ നാലോ മത്സരങ്ങളില്‍ നിറം മങ്ങിയാല്‍ ആ പിന്തുണ എളുപ്പം നഷ്ടമാകുന്നതും കാണാം. സഞ്ജുവിന്‍റെ കാര്യത്തില്‍ അത് സംഭവിക്കില്ലെന്നാണ് പ്രതീക്ഷയെന്നും പത്താന്‍ പറഞ്ഞു.

മഴ മുടക്കിയ ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളില്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവായിരുന്നു ബാറ്റിംഗിന് ഇറങ്ങിയത്. എന്നാല്‍ ഇന്നലെ രണ്ടാം ടി20യില്‍ ജോഷ് ഹേസല്‍വുഡ് പവര്‍ പ്ലേയില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കിയതിന് പിന്നാലെ മൂന്നാം നമ്പറില്‍ സഞ്ജുവിനെയാണ് ബാറ്റിംഗിന് അയച്ചത്. പേസും ബൗണ്‍സും കൊണ്ട് ഹേസല്‍വുഡ് ഇന്ത്യയെ വിറപ്പിച്ചപ്പോഴായിരുന്നു സ‍ഞ്ജു ക്രീസിലെത്തിയത്. നാലു പന്തില്‍ രണ്ട് റണ്‍സെടുത്ത് സഞ്ജു നഥാന്‍ എല്ലിസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയും ചെയ്തു. പിന്നാലെ ഹേസല്‍വുഡ് സൂര്യകുമാര്‍ യാദവിനെയും തിലക് വര്‍മയെയും പുറത്താക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക