ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 44 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായ ജഡേജ 60 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തതെന്ന് പത്താന്‍.

ബറോഡ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും നിറം മങ്ങിയ ഇന്ത്യൻ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ. രാജ്കോട്ടിലെ ഹോം ഗ്രൗണ്ടില്‍ പോലും പരാജയപ്പെട്ടതോടെയാണ് ജഡേജയെ പത്താന്‍ കണക്കുകള്‍ നിരത്തി വിമര്‍ശിച്ചത്.

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 44 പന്തില്‍ 27 റണ്‍സെടുത്ത് പുറത്തായ ജഡേജ 60 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തതെന്ന് പത്താന്‍ പറഞ്ഞു. മറുവശത്ത് കെ എല്‍ രാഹുല്‍ 90 സ്ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്യുമ്പോഴായിരുന്നു ഏകദിനത്തില്‍ ജഡേജയുടെ ടെസ്റ്റ് കളി. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ ജഡേജ പരാജയപ്പെട്ടുവെന്ന് പത്താന്‍ തന്‍റെ യുട്യൂബ് ചാനലില്‍ കുറ്റപ്പെടുത്തി. രാജ്കോട്ട് ആഭ്യന്തര ക്രിക്കറ്റില്‍ ജഡേജയുടെ ഹോം ഗ്രൗണ്ട് കൂടിയാണ്. കപില്‍ ദേവിനുശേഷം ഇന്ത്യക്ക് ടെസ്റ്റില്‍ ഒരു ഓള്‍ റൗണ്ടറെ കിട്ടിയിട്ടുണ്ടെങ്കില്‍ അത് ജഡേജയാണ്. എന്നാല്‍ ഏകദിന ക്രിക്കറ്റിലെത്തുമ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്.

സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും ജഡേജ പാടുപെടുകയാണ്. രാഹുല്‍ 90 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ ജഡേജക്ക് 80 സ്ട്രൈക്ക് റേറ്റിലെങ്കിലും ബാറ്റ് ചെയ്യാമായിരുന്നു. പക്ഷെ ജഡേജക്ക് അതിന് കഴിഞ്ഞില്ല. 2020നുശേഷം ജഡേജ ഏകദിന ക്രിക്കറ്റില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ലെന്നും ഇത് ജഡേജയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും പത്താന്‍ പറഞ്ഞു. 2020ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയിലായിരുന്നു ജഡേജ അവസാനമായി ഏകദിന അര്‍ധസെഞ്ചുറി നേടിയത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്താനായ ജഡേജക്ക് ന്യൂസിലന്‍ഡിനെതിരായ രണ്ട് ഏകദിനങ്ങളിലും വിക്കറ്റ് വീഴ്ത്താനായിരുന്നില്ല. ഇന്ത്യക്കായി 209 ഏകിദനങ്ങളില്‍ കളിച്ച 37കാരനായ ജഡേജ 13 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 2893 റണ്‍സ് നേടിയിട്ടുണ്ട്. 232 വിക്കറ്റാണ് ഏകദിനങ്ങളില്‍ ജഡേജയുടെ പേരിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക