Asianet News MalayalamAsianet News Malayalam

അവസാന 20 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒരേയൊരു ഫിഫ്റ്റി, ടെസ്റ്റില്‍ ബാധ്യതയാകുന്നോ വിരാട് കോലി

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 79 റണ്‍സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി കളിച്ച കഴിഞ്ഞ 20 ഇന്നിംഗ്സുകളിലെ വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഫാബ് ഫോറിലെ കെയ്ന്‍ വില്യംസണും ജോ റൂട്ടും സ്റ്റീവ് സ്മിത്തും സെഞ്ചുറികള്‍ നേടി ഫോം വീണ്ടെടുക്കുമ്പോഴും കോലിക്ക് മികവിലേക്ക് മടങ്ങാനാവുന്നില്ലെന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്.

Is Virat Kohli is a burden for Indian Test Team gkc
Author
First Published Mar 3, 2023, 4:58 PM IST

ഇന്‍ഡോര്‍: ഏകദിനങ്ങളിലും ടി20യിലും ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലി ടെസ്റ്റിലും ഫോമിലേക്ക്  മടങ്ങുന്നത് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന കാഴ്ചയാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും കാണാനാകുന്നത്.  കഴിഞ്ഞ 20 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ കോലി ഓസ്ട്രേലിയക്കെതിരെ കളിച്ച അഞ്ച് ഇന്നിംഗ്സുകളില്‍ നേടിയത്  111 റണ്‍സ്. 13, 22, 20, 44, 12 എന്നിങ്ങനെയായിരുന്നു ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ വിരാട് കോലിയുടെ ബാറ്റിംഗ്.

അതിന് മുമ്പ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാകട്ടെ 1, 24, 19*, 1 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച ടെസ്റ്റില്‍ 20 ഉം 13ഉം റണ്‍സെടുത്ത് കോലി മടങ്ങി. ഏകദിനങ്ങളിലും ടി20യിലും അടിച്ചു തകര്‍ക്കാറുള്ള  ശ്രീലങ്കക്കെതിരെ പോലും കോലിക്ക് ഫോമിലേക്ക് ഉയരാനായില്ല. 13, 23, 45 റണ്‍സെടുത്ത് പുറത്തായി.

ഇതൊക്കെയാണ് കോലിക്ക് മാത്രം കഴിയുന്നത്; കാണാം ഓസീസിന്‍റെ കിളി പാറിച്ച ഷോട്ട്

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 79 റണ്‍സാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി കളിച്ച കഴിഞ്ഞ 20 ഇന്നിംഗ്സുകളിലെ വിരാട് കോലിയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഫാബ് ഫോറിലെ കെയ്ന്‍ വില്യംസണും ജോ റൂട്ടും സ്റ്റീവ് സ്മിത്തും സെഞ്ചുറികള്‍ നേടി ഫോം വീണ്ടെടുക്കുയും ഫോമില്‍ തുടരുകയും ചെയ്യുമ്പോഴും കോലിക്ക് മാത്രം മികവിലേക്ക് മടങ്ങാനാവുന്നില്ലെന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കോലിയാകും ഇന്ത്യയുടെ ടോപ് സ്കോറര്‍ എന്ന് പ്രവചിച്ച് നിരവധി മുന്‍ താരങ്ങള്‍ പരമ്പരക്ക് മുമ്പ് രംഗത്തുവന്നിരുന്നെങ്കിലും അവര്‍ക്കുപോലും ഇപ്പോള്‍ കോലിയുടെ കാര്യത്തില്‍ വലിയ പ്രതീക്ഷയില്ല. വിരാട് കോലിയുട അവസാന ടെസ്റ്റ് സെഞ്ചുറി പിറന്നിട്ട് 41 ഇന്നിംഗ്സുകളും 1196 ദിവസവുമായിരിക്കുന്നു. അവസാന ടെസ്റ്റ് ഫിഫ്റ്റി അടിച്ചിട്ട് 15 ഇന്നിംഗ്സുകളും 415 ദിവസവുമാകുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങി സര്‍ഫ്രാസ് ഖാനെയും യശസ്വി ജയ്‌സ്വാളിനെയും പോലുള്ള യുവതാരങ്ങള്‍ അവസരത്തിനായി സെലക്ടര്‍മാരുടെ വാതില്‍ മുട്ടുമ്പോഴാണ് കോലിയുടെ ഈ മങ്ങിയ പ്രകടനം. ഇത് കോലിയെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

പലപ്പോഴും നിര്‍ഭാഗ്യവും കോലിയുടെ പുറത്താകലില്‍ കലാശിക്കുന്നുണ്ടെങ്കിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഒമ്പതിന് തുടങ്ങുന്ന അവസാന ടെസ്റ്റിലെങ്കിലും ഫോമിലേക്ക് മടങ്ങിയില്ലെങ്കില്‍ കോലിയുടെ ടെസ്റ്റ് ഭാവി തന്നെ വലിയ ചോദ്യ ചിഹ്നമാകും. മികച്ച റെക്കോര്‍ഡുള്ള ഓസ്ട്രേലിയക്കെതിരെ പോലും തിളങ്ങാനാവുന്നില്ലെങ്കില്‍ സെഞ്ചുറി നേടി മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയര്‍ന്ന് ചാടുന്ന കോലിയെ ഇനി കാണാനാകുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Follow Us:
Download App:
  • android
  • ios