ആദ്യ ടെസ്റ്റില്‍ ഒലി പോപ്പിന്‍റെ സ്വീപ്പിനെയും റിവേഴ്സ് സ്വീപ്പിനെയും എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് അത് തടയാന്‍ എന്താണ് ചെയ്യേണ്ടത് എന്നുപോലും അറിയില്ലായിരുന്നുവെന്നും പനേസര്‍ പറഞ്ഞു.
വിശാഖപട്ടണം: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 5-0ന് തൂത്തുവാരുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ഒലി പോപ്പും ടോം ഹാര്‍ട്‌ലിയും ആദ്യ ടെസ്റ്റില്‍ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിച്ചാല്‍ ഇംഗ്ലണ്ടിന് തിരിഞ്ഞുനോക്കേണ്ടിവരില്ലെന്നും പനേസര്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച സെഞ്ചുറികളിലൊന്നാണ് ഒലി പോപ്പ് നേടിയതെന്നും പനേസര്‍ വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ ഒലി പോപ്പിന്‍റെ സ്വീപ്പിനെയും റിവേഴ്സ് സ്വീപ്പിനെയും എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് അത് തടയാന്‍ എന്താണ് ചെയ്യേണ്ടത് എന്നുപോലും അറിയില്ലായിരുന്നുവെന്നും പനേസര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെ തടുക്കണമെങ്കില്‍ ഇന്ത്യ അവരെ സ്വതന്ത്രരായി ബാറ്റ് വീശാന്‍ അനുവദിക്കരുത്. വിരാട് കോലിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇംഗ്ലണ്ട് താരങ്ങളെ വെല്ലുവിളിച്ചേനെ. ഒരു തവണ കൂടി നിങ്ങളത് ചെയ്യു, നിനക്ക് കഴിയുമോ എന്ന് മുഖത്ത് നോക്കി ചോദിച്ചേനെ. ഈ ഇംഗ്ലണ്ട് ടീം തോല്‍ക്കാന്‍ ഭയമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അവരെ ഭയക്കണമെന്നും പനേസര്‍ പറഞ്ഞു.
ഹൈദരാബാദ് ടെസ്റ്റില്‍ ആദ്യ രണ്ട് ദിവസവം അധിപത്യം പുലര്‍ത്തിയശേഷമാണ് ഇന്ത്യ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 190 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഒലി പോപ്പ് 196 റണ്‍സടിച്ചതോടെ 230 റണ്‍സിന്‍റെ ലീഡ് നേടിയ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍ 231 റണ്‍സ് വിജലക്ഷ്യം മുന്നോട്ടുവെച്ചു. വിക്കറ്റ് നഷ്ടമില്ലാതെ 42 റണ്‍സെന്ന സ്കോറില്‍ നിന്ന് 202 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി രണ്ട് മുതല്‍ വിശാഖപട്ടണത്ത് നടക്കും.
