ആര്‍സിബിയിലെ സഹതാരവും ലോകോത്തര ബാറ്ററുമായ വിരാട് കോലിക്കൊപ്പമുള്ള സമയം വലിയൊരു പഠനാനുഭവമാണെന്ന് ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബേഥല്‍. റൺസ് പിന്തുടരുമ്പോൾ സാഹചര്യത്തിനനുസരിച്ച് കളിച്ച് ടീമിനെ ജയിപ്പിക്കുന്ന കോലിയുടെ കഴിവ് തനിക്ക് പ്രചോദനമാണെന്നും ഈ അനുഭവം ഭാവിയിൽ സഹായിക്കുമെന്നും ബേഥൽ വിശ്വസിക്കുന്നു.

ബെംഗളൂരു: ലോകം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് കോലിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും ഡഗ് ഔട്ട് പങ്കിടുന്നതും വലിയൊരു പഠനാനുഭവമാണെന്ന് ആര്‍സിബിയുടെ ഇംഗ്ലണ്ട് താരം ജേക്കബ് ബേഥല്‍. ഈ സീസണില്‍ കളിച്ച മത്സരങ്ങളിലെല്ലാം കോലിക്കൊപ്പമാണ് ബെഥേല്‍ ബാറ്റിംഗിന് ഇറങ്ങിയത്.

കോലിയെ കുറിച്ച് ബേഥല്‍ പറയുന്നതിങ്ങനെ... ''വിരാട് റണ്‍സ് പിന്തുടരുന്നത് കാണുമ്പോള്‍ ബാറ്റിംഗിന്റെ കല എന്താണെന്ന് മനസ്സിലാക്കാം. സാഹചര്യത്തിനനുസരിച്ച് ഗിയര്‍ മാറ്റുന്നതും പുറത്താകാതെ നിന്ന് കളി ജയിപ്പിക്കുന്നതും എങ്ങനെയെന്ന് അദ്ദേഹം കാട്ടിത്തരുന്നു. ഐപിഎല്ലില്‍ നിന്ന് താന്‍ ഒരുപാട് പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച കളിക്കാരനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത് ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റാണ്. ഇവിടെയല്ലെങ്കില്‍ പിന്നെ എവിടെയാണ് ഒരാള്‍ക്ക് മെച്ചപ്പെടാന്‍ സാധിക്കുക?'' ബേഥല്‍ പറഞ്ഞു. കോലിക്കൊപ്പമുള്ള സമയം ഭാവിയില്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ തന്നെ സഹായിക്കുമെന്ന് താരം വിശ്വസിക്കുന്നു.

വിമര്‍ശകര്‍ക്കുള്ള മറുപടി

ബെഥേലിന് ഐപിഎല്ലില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ ബെഞ്ചിലിരിക്കുന്നതിന് പകരം താരം ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിക്കണമായിരുന്നു എന്നായിരുന്നു കുക്കിന്റെ പക്ഷം.

വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ ജനിച്ച് വളര്‍ന്ന ബെഥേല്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. 2021-ല്‍ വാര്‍വിക്ഷെയറുമായി കരാറൊപ്പിട്ട താരം പരിക്കിനെത്തുടര്‍ന്ന് കരിയറില്‍ തിരിച്ചടികള്‍ നേരിട്ടു. എന്നാല്‍ കരുത്തോടെ തിരിച്ചുവന്ന ബെഥേല്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഇടംപിടിക്കുകയും തുടര്‍ന്ന് ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമാവുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്കെതിരെ 250-ന് മുകളിലുള്ള റണ്‍മല പിന്തുടരുമ്പോള്‍ ബെഥേല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

YouTube video player