കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഹാട്രിക്ക് നേടിയിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്ക് ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന താരമാണ് ബുമ്ര. വിന്‍ഡീസ് ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുമ്ര തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയുമാണ് കൂടാരത്തിലെത്തിച്ചത്.   

ഹാട്രിക് നേട്ടത്തിന്‍റെ ക്രഡിറ്റ് നായകന്‍ വിരാട് കോലിക്കാണ് ബുമ്ര നല്‍കുന്നത്. ചേസിന്‍റെ വിക്കറ്റ് കോലിയുടെ റിവ്യൂവില്‍ നിന്നായിരുന്നു എന്നതാണ് കാരണം. 'ചേസിനെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ തനിക്ക് ഉറപ്പുണ്ടായിരുന്നില്ല. ആദ്യം പന്ത് കൊണ്ടത് ബാറ്റിലാണ് എന്നാണ് കരുതിയത്. അതുകൊണ്ട് കൂടുതല്‍ അപ്പീല്‍ ചെയ്തില്ല. എന്നാല്‍ കോലി മികച്ച റിവ്യൂ തീരുമാനമെടുത്തു, നായകനാണ് ക്രഡിറ്റ്' എന്നും മത്സരശേഷം ബുമ്ര വ്യക്തമാക്കി. 

ചേസിനെ ബുമ്ര എല്‍ബിയില്‍ കുടുക്കിയെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. എന്നാല്‍ പാഡിലാണ് ആദ്യം പന്ത് തട്ടിയത് എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ കോലി ഉപനായകന്‍ രഹാനെ, ബുമ്ര എന്നിവരുടെ അഭിപ്രായം തേടി ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു. മൂന്നാം സ്ലിപ്പില്‍ നിന്നാണ് കോലി കൃത്യമായ റിവ്യൂ എടുത്തത് എന്നതാണ് ശ്രദ്ധേയം. ഹാട്രിക്കടക്കം 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് കിംഗ്‌സ്റ്റണ്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ബുമ്ര വീഴ്‌ത്തിയത്.