ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിക്കാനുള്ള ബുമ്രയുടെ തീരുമാനം വിമര്‍ശിക്കപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം.

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യക്ക് സന്തോഷവാര്‍ത്ത. ഏഷ്യാകപ്പിൽ കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്ര സെലക്ടർമാരെ അറിയിച്ചെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കാല്‍മുട്ടിലെ പരിക്ക് അലട്ടിയതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നിന്ന് ബുമ്ര വിട്ടു നിന്നിരുന്നു. ഏതാനും ദിവസം മുമ്പ് സെലക്ടര്‍മാരെ ബന്ധപ്പെട്ട ബുമ്ര ഏഷ്യാ കപ്പില്‍ കളിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വരുന്ന ചൊവ്വാഴ്ചയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക. മുംബൈയിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗം ചേ‍ർന്നശേഷമാകും പ്രഖ്യാപനം.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിക്കാനുള്ള ബുമ്രയുടെ തീരുമാനം വിമര്‍ശിക്കപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ടീമിലെ മറ്റൊരു പേസറായ മുഹമ്മദ് സിറാജ് അഞ്ച് ടെസ്റ്റുകളിലും കളിക്കുകയും അവസാന മത്സരത്തില്‍ ടീമിന്‍റെ വിജയശില്‍പിയാകുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കും ജോലിഭാരവും കണക്കിലെടുത്ത് ബുമ്ര മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചത്. ബുമ്ര കളിച്ച രണ്ട് ടെസ്റ്റിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഇതോടെയാണ് തെരഞ്ഞെടുക്കുന്ന ടെസ്റ്റുകളില്‍ മാത്രം കളിക്കാനുള്ള ബമ്രയുടെ തീരുമാനത്തിനെതിരെ മുന്‍താരങ്ങള്‍ അടക്കം രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബുമ്ര ഏഷ്യാ കപ്പില്‍ കളിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.

അതേസമയം, ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് ടെസ്റ്റ് പാസായതും ഇന്ത്യക്ക് ആശ്വാസമാസി. സൂര്യകുമാര്‍ ഫിറ്റ്നെസ് ടെസ്റ്റ് പാസായില്ലായിരുന്നെങ്കില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പുതിയ നായകനെ കണ്ടെത്തേണ്ടിവരുമായിരുന്നു. ഇന്ത്യൻ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയും കഴിഞ്ഞ ദിവസം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനായിരുന്നു.