ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ സെഞ്ചുറിയിലേക്ക് കുതിച്ച ക്വിന്‍റണ്‍ ഡി കോക്കിനെ മിന്നല്‍ റണ്ണൗട്ടിലൂടെ പുറത്താക്കി ജിതേഷ് ശര്‍മ.
മുള്ളന്‍പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ക്വിന്‍റണ്‍ ഡി കോക്കിനെ പിടിച്ചുകെട്ടാനാവാതെ ഇന്ത്യ വിയര്‍ത്തപ്പോള്‍ രക്ഷകനായത് ജിതേഷ് ശര്‍മ. തകര്‍ത്തടിച്ച് ഡി കോക്ക് സെഞ്ചുറിയിലേക്ക് നീങ്ങുമ്പോഴായിരുന്നു മിന്നല്‍ റണ്ണൗട്ടിലൂടെ ജിതേഷ് ശര്‍മ വിക്കറ്റിന് പിന്നിലും മിന്നിയത്. വരുണ്‍ ചക്രവര്‍ത്തി പതിനഞ്ചാം ഓവര്‍ എറിയാനെത്തിയപ്പോള്‍ 156-2 എന്ന മികച്ച നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.
വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ പന്ത് ഓഫ് സ്റ്റംപിലെത്തിയപ്പോള്‍ പ്രതിരോധിച്ച ഡി കോക്ക് പന്ത് എവിടെ പോയെന്ന് തിരിച്ചറിയാതെ സിംഗിളിനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങി. എന്നാല്‍ ക്രിസിനടുത്ത് പിച്ച് പന്ത് കലക്ട് ചെയ്ത ജിതേഷ് ശര്‍മ പന്തെടുത്ത് സ്റ്റംപിളക്കിയപ്പോൾ തിരിച്ചുകയറാൻ ശ്രമിച്ച ഡി കോക്കിന്‍റെ ബാറ്റ് സെന്‍റി മീറ്ററുകളുടെ വ്യത്യാസത്തില്‍ പുറത്തായിരുന്നു.
തകര്‍ത്തടിച്ച് മുന്നേറിയിരുന്ന ദക്ഷണാഫ്രിക്കക്ക് വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് നേടാനായത്. തൊട്ടടുത്ത ഓവറില്‍ അക്സര്‍ പട്ടേല്‍ ആദ്യ പന്തില്‍ തന്നെ ഡെവാള്‍ഡ് ബ്രെവിസിനെയും വീഴ്ത്തിയതോടെ 15,16 ഓവറുകളില്‍ വെറും എട്ട് റണ്‍സ് നേടാനെ ദക്ഷിണാഫ്രിക്കക്കായുള്ളു. 46 പന്തില്‍ 90 റണ്‍സടിച്ച ഡി കോക്കിന്‍റെ വിക്കറ്റ് വീണത് ദക്ഷിണാഫ്രിക്കയുടെ സ്കോറിംഗിനെയും ബാധിച്ചു. 230 കടക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 200 കടക്കില്ലെന്ന് കരുതിയെങ്കിലും ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമെറിഞ്ഞ അടുത്ത മൂന്നോവറില്‍ 49 റണ്‍സ് കൂടി അടിച്ചെടുത്ത ഡേവിഡ് മില്ലറും ഡൊണോവന്‍ ഫെരേരയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 213 റണ്‍സിലെത്തിച്ച് മികച്ച സ്കോര്‍ ഉറപ്പാക്കി.


