ഇന്ത്യ ഇപ്പോള്‍ ജയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ പരീക്ഷണങ്ങള്‍ വലിയ തിരിച്ചടിയാവുന്നില്ലെങ്കിലും പരീക്ഷണം പാളിയാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് വലിയ തിരിച്ചടിയാണ് ഗംഭീറിനെയും സൂര്യകുമാറിനെയും കാത്തിരിക്കുന്നതെന്ന് ഉത്തപ്പ.

ബെംഗളൂരു: ഇന്ത്യൻ ടി20 ടീമില്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ നടത്തുന്ന കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. ബാറ്റിംഗ് ഓര്‍ഡറില്‍ ഫ്ലെക്സിബിലിറ്റി വേണമെന്ന നിലപാട് ആവര്‍ത്തിച്ച ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും ഓപ്പണര്‍മാര്‍ക്കൊഴികെ മറ്റെല്ലാവരും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയാറാവണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഓപ്പണര്‍മാര്‍ക്ക് മാത്രമാണ് സ്ഥിരമായ ബാറ്റിംഗ് പൊസിഷനുള്ളതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ജയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഈ പരീക്ഷണങ്ങള്‍ വലിയ തിരിച്ചടിയാവുന്നില്ലെങ്കിലും പരീക്ഷണം പാളിയാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് വലിയ തിരിച്ചടിയാണ് ഗംഭീറിനെയും സൂര്യകുമാറിനെയും കാത്തിരിക്കുന്നതെന്ന് ഉത്തപ്പ പറഞ്ഞു. ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. ബാറ്റിംഗ് നിരയില്‍ വീണ്ടും വീണ്ടും പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഒരുപക്ഷെ ലോകകപ്പില്‍ അത് തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ഗംഭീറിന്‍റെ തലക്കായി മുറവിളി തുടങ്ങിയിട്ടുണ്ട്. പ്രധാന ബാറ്റര്‍മാരെല്ലാം ഫോം ഔട്ടായി ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമന്‍റിന് ഇറങ്ങാന്‍ നിലവിലെ ചാമ്പ്യൻമാര്‍ക്കാവില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ബാറ്റിംഗാണ് ഇന്ത്യയെ രക്ഷിച്ചത്. ഹാര്‍ദ്ദിക്കിന്‍റെ ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 30-40 റണ്‍സ് കുറച്ചെ നേടുമായിരുന്നുള്ളു. ഇന്ത്യയുടെ ടോട്ടല്‍ 130 റണ്‍സിൽ ഒതുങ്ങുമായിരുന്നു. ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളില്‍ അത് സംഭവിച്ചാല്‍ വലിയ പ്രതിസന്ധിയാകും.കഴിഞ്ഞ 16 ടി20 മത്സരങ്ങളില്‍ 15.07 ശരാശരിയില്‍ ബാറ്റ് ചെയ്യുന്ന സൂര്യകുമാറിന്‍റെ മോശം ഫോമിനെക്കുറിച്ചും ഉത്തപ്പ വാചാലനായി.

നിലവില്‍ സൂര്യകുമാറിന് കീഴില്‍ ഇന്ത്യ ജയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സൂര്യയുടെ മോശം ഫോം വലിയ പ്രശ്നമാകുന്നില്ല. സൂര്യക്ക് കീഴില്‍ 85 ശതമാനം മത്സരങ്ങളും ഇന്ത്യ ജയിക്കുന്നുണ്ട്. എന്നാല്‍ കളി തോറ്റ് തുടങ്ങിയാല്‍ അത് സൂര്യകുമാറിന്‍റെ ബാറ്റിംഗില്‍ അധികസമ്മര്‍ദ്ദമുണ്ടാക്കും. ഒപ്പം സൂര്യയുടെ ക്യാപ്റ്റൻസിയെയും അത് ബാധിക്കും. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിനിറങ്ങുമ്പോള്‍ പ്രധാന ബാറ്റര്‍മാര്‍ മികച്ച ഫോമിലായിരിക്കേണ്ടത് അനിവാര്യമാണെന്നും ഉത്തപ്പ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക