അടുത്ത മാസം 11ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കായി കളിക്കേണ്ടതിനാൽ ഹേസല്‍വുഡ് തിരിച്ചെത്തുമോ എന്നതില്‍ ആര്‍സിബി ആരാധകര്‍ ആശങ്കയിലായിരുന്നു.

ബെംഗളൂരു:ഐപിഎല്ലില്‍ ആദ്യ കിരീടം സ്വപ്നം കാണുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സന്തോഷവാര്‍ത്ത. അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് ആര്‍സിബിയുടെ മത്സരങ്ങളില്‍ കളിക്കാനായി തിരിച്ചെത്തും. അതേസമയം ഹേസല്‍വുഡ് ശനിയാഴ്ച നടക്കുന്ന കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ കളിക്കാനുണ്ടാകുന്ന കാര്യം സംശയത്തിലാണ്. ഹേസല്‍വുഡിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും ആര്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കുമൂലം ഹേസല്‍വുഡിന് ആര്‍സിബിയുടെ അവസാന മത്സരം നഷ്ടമായിരുന്നു.

അടുത്ത മാസം 11ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കായി കളിക്കേണ്ടതിനാൽ ഹേസല്‍വുഡ് തിരിച്ചെത്തുമോ എന്നതില്‍ ആര്‍സിബി ആരാധകര്‍ ആശങ്കയിലായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കളിക്കണോ എന്നകാര്യം കളിക്കാര്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയതോടെയാണ് ഇന്ത്യയില്‍ തിരിച്ചെത്താന്‍ ഹേസല്‍വുഡ് സന്നദ്ധനായത്. ഈ സീസണില്‍ 10 കളികളില്‍ 18 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള ഹേസല്‍വുഡിന്‍റെ ബൗളിംഗ് മികവാണ് ആര്‍സിബിയെ പല മത്സരങ്ങളിലും ജയിപ്പിച്ചത്.

ഹേസല്‍വുഡിന് പുറമെ ഓള്‍ റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡും തിരിച്ചെത്തിയത് ആര്‍സിബിക്ക് ആശ്വാസകരമാണ്. ഐപിഎല്ലില്‍ 11 മത്സരങ്ങൾ പൂര്‍ത്തിയാക്കിയപ്പോള്‍ 16 പോയന്‍റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ ആര്‍സിബി. ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരു ജയം കൂടി നേടിയാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവും. 17ന് പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്തയെയും 23ന് ഹൈദരാബാദിനെയും 27ന് എവേ മത്സരത്തില്‍ ലക്നൗവിനെയുമാണ് ഇനി ആർസിബിക്ക് നേരിടാനുള്ളത്. ഇതില്‍ ഒരു കളി ജയിച്ചാല്‍പോലും ആര്‍ സി ബി പ്ലേ ഓഫിലെത്തും.