Asianet News MalayalamAsianet News Malayalam

തോല്‍വിക്ക് കാരണം ബാബറും റിസ്വാനും; പാക് ഓപ്പണര്‍മാരെ വാനോളം പുകഴ്ത്തി കെയ്ന്‍ വില്യംസണ്‍

നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാണ് പാകിസ്ഥാന്‍ ഫൈനലില്‍ നേരിടുക. സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ ബാബര്‍- റിസ്‌വാന്‍ സഖ്യം 105 റണ്‍സാണ് നേടിയത്.

Kane Williamson on reason behind their loss against Pakistan
Author
First Published Nov 9, 2022, 6:04 PM IST

സിഡ്‌നി:  ടി20 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം കാരണം വ്യക്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റനായിരുന്നു പാകിസ്ഥാന്റെ ജയം. സിഡ്‌നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരിഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്‌വാന്‍ (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 

തങ്ങള്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വില്യംസണ്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പാകിസ്ഥാന്‍ നന്നായി പന്തെറിഞ്ഞു. തുടക്കം മുതല്‍ ഞങ്ങ്‌ളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കായി. ഡാരില്‍ മിച്ചലിന്റെ അവിശ്വസനീയ ഇന്നിംഗസിലൂടെ ഒരു തിരിച്ചുവരവിനാണ് ശ്രമിച്ചിരുന്നത്. എറിഞ്ഞുപിടിക്കാവുന്ന സ്‌കോറാണ് ലഭിച്ചതെന്ന് തോന്നിയിരുന്നു. ഉപയോഗിച്ച പിച്ചായതിനാല്‍ ബാറ്റ് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു. തുടക്കം മുതല്‍ ബാബറും റിസ്‌വാനും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. ഞങ്ങളുടെ ചില ഏരിയകളില്‍ പോരായ്മയുണ്ടായി. അതൊന്നും ന്യായീകരണമല്ല, പാകിസ്ഥാന്‍ വിജയം അര്‍ഹിക്കുന്നു. ടൂര്‍ണമെന്റില്‍ തുടക്കം മുതല്‍ ഞങ്ങള്‍ നന്നായാണ് കളിച്ചത്. എന്നാല്‍ ഇന്ന് ഞങ്ങളുടെ ദിവസമല്ലായിരുന്നു.'' വില്യംസണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനലില്‍ നേടിയ വിജയം; ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍

നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാണ് പാകിസ്ഥാന്‍ ഫൈനലില്‍ നേരിടുക. സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ ബാബര്‍- റിസ്‌വാന്‍ സഖ്യം 105 റണ്‍സാണ് നേടിയത്. 13-ാം ഓവറിലാണ് അസം മടങ്ങുന്നത്. പുറത്താവുമ്പോള്‍ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ താരം 53 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് (26 പന്ത് 30) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇതിനിടെ റിസ്‌വാന്‍ മടങ്ങി. 

അഞ്ച് ബൗണ്ടറികളാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഹാരിസിനെ 19-ാം ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ മടക്കി. എന്നാല്‍ ടിം സൗത്തിയെറിഞ്ഞ അവസാന ഓവറില്‍ ഷാന്‍ മസൂദ് (3) വിജയം പൂര്‍ത്തിയാക്കി. ഇഫ്തികര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി. നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios