ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്സും കറാച്ചി കിംഗ്സും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പോര്. 

കറാച്ചി: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുമ്പ് സോഷ്യല്‍ മീഡിയിയില്‍ പോര് തുടങ്ങി ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്സും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ കറാച്ചി കിംഗ്സും.ഞായറാഴ്ച ദുബായ് ഇന്‍റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മത്സരപോസ്റ്ററില്‍ നിന്ന് പാകിസ്ഥാന്‍റെ പേര് ബോധപൂര്‍വം ഒഴിവാക്കിയ പഞ്ചാബ് കിംഗ്സിന് മറുപടിയുമായാണ് കറാച്ചി കിംഗ്സ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ രണ്ടാം മത്സരം ഞായറാഴ്ച ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ എന്നായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും ചിത്രത്തോടെ പഞ്ചാബ് കിംഗ്സ് പങ്കുവെച്ച പോസ്റ്ററിലുണ്ടായിരുന്നത്.

ഐപിഎല്‍-പിഎസ്എല്‍ പോര്

Scroll to load tweet…

എതിരാളികളായ പാകിസ്ഥാന്‍റെ പേരുപോലും പരാമര്‍ശിച്ചില്ലെന്നു മാത്രമല്ല, പോസ്റ്റിന് കമന്‍റുകളുടെ ബാഹുല്യമായതോടെ കമന്‍റ് ബോക്സ് ഓഫാക്കി ഇടുകയും ചെയ്കു. എന്നാല്‍ ഇതിന് മറുപടിയുമായി പിഎസ്എല്‍ ജേതക്കളായ കറാച്ചി കിംഗ്സ് ഇന്ന് രംഗത്തെത്തി. ഒരു ചെസ് ബോര്‍ഡിന് മുമ്പിലിരുന്ന് കരുനീക്കുന്ന പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഗയുടെ ചിത്രം പങ്കുവെച്ച കറാച്ചി കിംഗ്സ് എതിരാളികളുടെ സ്ഥാനത്തിരിക്കുന്ന ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവിനെ ഇരുട്ടിലിരുത്തിയാണ് പ്രതികാരം വീട്ടിയത്. മെന്‍ ഇന്‍ ഗ്രീനിന്‍റെ രണ്ടാം മത്സരം, തുങ്ങുകയല്ലെ എന്നാണ് കറാച്ചി കിംഗ്സ് പോസ്റ്ററില്‍ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്.

Scroll to load tweet…

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലായിരുന്നു പഞ്ചാബ് കിംഗ്സ് മത്സരപോസ്റ്റര്‍ പങ്കുവെച്ചത്. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പൂനെയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകനായ കേതന്‍ തിരോദ്കറാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഐസിസി ടൂര്‍ണമെന്‍റുകളിലായാലും ഇന്ത്യ പാകിസ്ഥാനിലോ പാകിസ്ഥാന്‍ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്. ഈ വര്‍ഷ ആദ്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ ദുബായിലാണ് ഇരു ടീമും അവസാനം നേര്‍ക്കുനേര്‍ വന്നത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ ഒമ്പത് വിക്കറ്റിന് തകര്‍ത്തപ്പോള്‍ പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ഒമാനെ തോല്‍പ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക