189 റണ്‍സുമായി ആദ്യ ദിനം ക്രീസിലുണ്ടായിരുന്ന കരുണ്‍ നായര്‍ ഡബിള്‍ സെഞ്ചുറി തികച്ചപ്പോള്‍ ധ്രുവ് ജുറെലിന് ആറ് റണ്‍സകലെ സെഞ്ചുറി നഷ്ടമായി. 

ലണ്ടൻ: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ കൂറ്റൻ സ്കോര്‍. 409-3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യ എ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 533 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സോടെ ഹര്‍ഷ് ദുബെയും 16 റണ്‍സുമായി അന്‍ഷുല്‍ കാംബോജും ക്രീസില്‍. ധ്രുവ് ജുറെല്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. 

189 റണ്‍സുമായി ആദ്യ ദിനം ക്രീസിലുണ്ടായിരുന്ന കരുണ്‍ നായര്‍ ഡബിള്‍ സെഞ്ചുറി തികച്ചപ്പോള്‍ ധ്രുവ് ജുറെലിന് ആറ് റണ്‍സകലെ സെഞ്ചുറി നഷ്ടമായി. രണ്ടാം ദിനം തുടക്കത്തിലെ ധ്രുവ് ജുറെലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ദിനം 84 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ജുറെല്‍ വ്യക്തിഗത സ്കോറിനോട് 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് സെഞ്ചുറിക്ക് ആറ് റണ്‍സകലെ 94 റണ്‍സില്‍ വീണു. അജീത് ഡെയ്‌ൽ ആണ് ജുറെലിനെ വീഴ്ത്തിയത്. 120 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സും പറത്തിയാണ് ജുറെല്‍ 94 റണ്‍സടിച്ചത്. കരുണും ജുറെലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍പിരിഞ്ഞത്. 

പിന്നാലെ ക്രീസിലെത്തിയ നീതീഷ് കുമാര്‍ റെഡ്ഡി നിരാശപ്പെടുത്തി. 22 പന്തില്‍ ഏഴ് റണ്‍സെടുത്ത നിതീഷ് കുമാറിനെ എഡ്ഡി ജാക്കിന്‍റെ പന്തില്‍ ജെയിസ് റൂ പിടികൂടി. എന്നാല്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെ കൂട്ടുപിടിച്ച് 272 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ കരുണ്‍ നായര്‍ ഇന്ത്യയെ 450 കടത്തി സേഫാക്കി. സ്കോര്‍ 479ല്‍ നില്‍ക്കെ കരുണിനെ(203) വീഴ്ത്തിയ സമാന്‍ അക്തര്‍ ഇംഗ്ലണ്ട് ലയണ്‍സിന് ആശ്വസിക്കാന്‍ വക നല്‍കി. 281 പന്തില്‍ 26 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് കരുണ്‍ 203 റണ്‍സെടുത്തത്. സ്കോര്‍ 500 കടക്കും മുമ്പ് ഷാര്‍ദ്ദുലും(27) മടങ്ങിയെങ്കിലും ഹര്‍ഷ് ദുബെയും അൻഷുല്‍ കാംബോജും ചേര്‍ന്ന് ഇന്ത്യ എയെ 500 കടത്തി. 

ഇന്നലെ സെന്‍റ് ലോറന്‍സ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എയ്ക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആറാം ഓവറില്‍ തന്നെ ക്യാപ്റ്റനും ഓപ്പണറുമായ അഭിമന്യൂ ഈശ്വരന്‍ പുറത്തായി. 17 പന്തുകളില്‍ 8 റണ്‍സ് നേടിയ അഭിമന്യൂവിനെ ജോഷ് ഹള്‍ എല്‍ബിയില്‍ മടക്കുകയായിരുന്നു. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനും അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. 55 പന്തില്‍ 24 റണ്‍സെടുത്ത ജയ്‌സ്വാളിനെ എഡ്ഡീ ജാക്ക് 17-ാം ഓവറില്‍ പറഞ്ഞയച്ചു. എന്നാല്‍ ഇതിന് ശേഷം മൂന്നാം വിക്കറ്റില്‍ 181 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ച് കരുണ്‍ നായരും സര്‍ഫറാസ് ഖാനും ഇന്ത്യ എയെ കരകയറ്റി. സെഞ്ചുറിക്കരികെ സര്‍ഫറാസ് വീണു. 119 പന്തില്‍ ഏകദിന ശൈലിയില്‍ 92 റണ്‍സെടുത്താണ് സര്‍ഫറാസ് പുറത്തായത്. ഇതിന് ശേഷം ക്രീസിലൊന്നിച്ച കരുണ്‍ നായര്‍- ധ്രുവ് ജൂറെല്‍ സഖ്യമാണ് ഇന്ത്യയെ വമ്പന്‍ സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ട് ലയണ്‍സിനായി എഡ്ഡി ജാക്കും ജോഷ് ഹള്ളും സമാന്‍ അക്തറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക