ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ നഷ്ടമായി.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 129 റണ്‍സ് വിജയലക്ഷ്യം. തൃശൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമെ നേടാനായുള്ളു. 38 പന്തിൽ 49 റണ്‍സെടുത്ത അക്ഷയ് ടികെ മാത്രമാണ് ആലപ്പിക്ക് വേണ്ടി പൊരുതിയത്.അഭിഷേക് പി നായര്‍ 22 റണ്‍സെടുത്തപ്പോള്‍ ശ്രീരൂപ് എംപി 30 പന്തില്‍ 24 റണ്‍സടിച്ചു.തൃശൂരിന് വേണ്ടി സിബിന്‍ ഗിരീഷ് നാലു വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ നഷ്ടമായി. അജിനാസിന്‍റെ നേരിട്ടുള്ള ത്രോയില്‍ അസറുദ്ദീന്‍ റണ്ണൗട്ടാവുകയായിരുന്നു.അഭിഷേക് നായര്‍ തകര്‍ത്തടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. നാലാം ഓവറിലെ രണ്ടാം പന്തില്‍ 17 പന്തില്‍ 22 റണ്‍സെടുത്ത അഭിഷേകിനെയും അവസാന പന്തില്‍ ജലജ് സക്സേനയെയും(1) മടക്കി വിനോദ് കുമാര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ആലപ്പി 26-3ലേക്ക് കൂപ്പുകുത്തി.

പിന്നാലെ മുഹമ്മദ് കൈഫിനെ(4) സിബിന്‍ ഗിരീഷ് വീഴ്ത്തിയെങ്കിലും ശ്രീരൂപും അക്ഷയ് ടികെയും ചേര്‍ന്ന് ആലപ്പിയെ 50 കടത്തി. ശ്രീരൂപിനെ വീഴ്ത്തിയ അജിനാസ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്നവരില്‍ അരുൺ കെ എ(13) മാത്രമാണ് രണ്ടടക്കം കടന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒറ്റിക്ക് പിടിച്ചു നിന്ന അക്ഷയിന്‍റെ(38 പന്തിൽ 49)100 കടത്തിയത്. മുഹമ്മദ് ഇനാൻ(7), ശ്രീഹരി നായര്‍(1), മുഹമ്മദ് നാസില്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ആലപ്പി 128ല്‍ ഒതുങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ കൊച്ചിയോട് തോറ്റ ആലപ്പിക്ക് സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക