തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച. തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം മൂന്നിന് 45 എന്ന നിലയാണ്. ആദ്യ ഇന്നിങ്‌സില്‍ രാജസ്ഥാന്‍ 178ന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 90നെതിരെ 268 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ജലജ് സക്‌സേന കേരളത്തിനായി ഏഴ് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ രോഹന്‍ പ്രേം (4) വിഷ്ണു വിനോദ് (11), സല്‍മാന്‍ നിസാര്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സച്ചിന്‍ ബേബി (13), മുഹമ്മദ് അസറുദ്ദീന്‍ (1) എന്നിവരാണ് ക്രീസില്‍. സുരിന്ദര്‍ ശര്‍മ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 92 റണ്‍സ് നേടിയ യാഷ് കോത്താരിയുടെ ഇന്നിങ്‌സാണ് രാജസ്ഥാനെ സഹായിച്ചത്. രാജേഷ് ബിഷ്‌ണോയ് (67), അര്‍ജിത് ഗുപ്ത (36) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സക്‌സേനയക്ക് പുറമെ എം ഡി നിതീഷ് രണ്ട് വിക്കറ്റെടുത്തു. മത്സരം കേരളത്തിന് സ്വന്തമാക്കണമെങ്കില്‍ ഇനി അദ്ഭുതങ്ങള്‍ സംഭവിക്കണം.