കെസിഎല്‍:ആവേശപ്പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഒരു റൺസിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്
123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് ലക്ഷ്യം എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ ടൈഗേഴ്സ് ക്യാപ്റ്റന്‍ ബേസില്‍ തമ്പി ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ പതറിയ റോയല്‍സിനെ 22 റണ്‍സെടുത്ത ജോഫിനാണ് കരകയറ്റിയത്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്‍സിന്‍റെ ആവേശജയം. മഴ പലവട്ടം വില്ലനായ മത്സരത്തില്‍ വിജെഡി നിയമപ്രകാരമാണ് റോയല്‍സ് ഒരു റണ്‍സ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 19.5 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സ് 14.1 ഓവറില്‍ 83-5ൽ നില്‍ക്കെ മഴമൂലം മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. വിജെഡി നിയമപ്രകാരം ജയിക്കാന്‍ വേണ്ട സ്കോറിനേക്കാള്‍ ഒരു റണ്‍സ് അധികമെടുത്ത റോയല്‍സിനെ പിന്നീട് വിജയികളായി പ്രഖ്യാപിച്ചു.സ്കോര്‍: കൊച്ചി ബ്ലൂ ടൈഗേഴ്സ് 19.5 ഓവറില്‍ 122ന് ഓള്‍ ഔട്ട്, ട്രിന്‍ഡ്രം റോയല്‍സ് 14.1ഓവറില്‍ 83-5.
123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് റണ്‍ ചേസ് എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ ടൈഗേഴ്സ് ക്യാപ്റ്റന്‍ ബേസില്‍ തമ്പി ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ ഓപ്പണര്‍മാരായ വിഷ്ണുരാജിനെയും അമീര്‍ഷായെയും പൂജ്യത്തിന് നഷ്ടമായ റോയല്‍സിനെ രോഹന്‍ പ്രേമും(14), ജോഫിന്‍ ജോസും(22) ചേർന്നാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും മടങ്ങിയശേഷം ഗോവിന്ദ് പൈയും(24*) ക്യാപ്റ്റൻ അബ്ദുള്‍ ബാസിതും(18) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തില്‍ നിര്‍ണായകമായി. അബ്ദുള്‍ ബാസിത് പുറത്തായതിന് പിന്നാലെ മഴ എത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ റോയല്‍സിനെ വിജയികളായി പ്രഖ്യാപിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സിനായി ഓപ്പണര്‍ ജോബിന്‍ ജോബി(34 പന്തില്‍ 48) യും 20 പന്തില്‍ 25 റണ്‍സെടുത്ത അനൂജ് ജോട്ടിനും മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. കേരള താരങ്ങളായ ഷോണ്‍ റോജര്‍(2), സിജോമോന്‍ ജോസഫ്(7) എന്നിവർ നിരാശപ്പെടുത്തിയപ്പോള്‍ ടൈഗേഴ്സ് 93-7ലേക്ക് കൂപ്പുകുത്തി. 11-ാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ബേസില്‍ തമ്പി നടത്തിയ ചെറുത്തു നില്‍പ്പാണ് ടൈഗേഴ്സിനെ 122ല്‍ എത്തിച്ചത്. ബേസില്‍ എട്ട് പന്തില്‍ 14 റണ്‍സടിച്ചു. റോയല്‍സിനായി നായകന്‍ അബ്ദുള്‍ ബാസിത് നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ അഖിന്‍ സത്താറും വിനോദ് കുമാറും ഓരോ വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക