16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും മുംബൈയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.
കട്ടക്ക് : 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും മുംബൈയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. കേരളത്തിനെതിരെ 81 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ മുംബൈ നാല് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് വിജയലക്ഷ്യമായ 252 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം വിക്കറ്റ് പോകാതെ 13 റണ്‍സെടുത്ത് നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ മുംബൈയ്ക്ക് എട്ട് റണ്‍സെടുത്ത ഓപ്പണര്‍ ഓം ബാം?ഗറിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. തുടര്‍ന്ന് ആയുഷ് ഷിന്‍ഡെയും, ആയുഷ് ഷെട്ടിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അദ്വൈത് വി നായര്‍ മുംബൈ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കി. ആയുഷ് ഷെട്ടി, ആയുഷ് ഷിന്‍ഡെ, അര്‍ജുന്‍ ?ഗദോയ എന്നിവരെയാണ് അദ്വൈത് പുറത്താക്കിയത്. ആയുഷ് ഷെട്ടി 37ഉം, ആയുഷ് ഷിന്‍ഡെ 26ഉം , അര്‍ജുന്‍ ?ഗദോയ അഞ്ചും റണ്‍സ് നേടി.
തുടര്‍ന്നെത്തിയ ഹര്‍ഷ് ശൈലേഷും ദേവാശിഷ് ഘോഡ്‌കെയും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ നാല് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മുംബൈ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഹര്‍ഷ് 54ഉം ദേവാശിഷ് 32ഉം റണ്‍സുമായി പുറത്താകാതെ നിന്നു. തുടര്‍ന്ന് 252 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം വിക്കറ്റ് പോകാതെ 13 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ അവസാനിച്ചു.
കേരളത്തിന് വേണ്ടി വിശാല്‍ ജോര്‍ജ് 12ഉം ക്യാപ്റ്റന്‍ ഇഷാന്‍ എം രാജ് ഒരു റണ്ണും നേടി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ മുംബൈ 312 റണ്‍സും കേരളം 231 റണ്‍സുമായിരുന്നു നേടിയത്. മത്സരത്തിലാകെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് റെയ്ഹാനും 90 റണ്‍സ് നേടിയ അഭിവനവ് ആര്‍ നായരുമാണ് കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചത്.

