നേരത്തെ നാലാം ദിനം 351-5 എന്ന സ്കോറില്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന സൗരാഷ്ട്ര എട്ടോവര്‍ കൂടി ബാറ്റ് ചെയ്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെടുത്ത സൗരാഷ്ട്ര ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രക്കെതിരെ കേരളം സമനിലക്കായി പൊരുതുന്നു. 330 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന കേരളം നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 20.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സോടെ വരുണ്‍ നായനാരാണ് ക്രീസില്‍. അഞ്ച് റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ ധര്‍മേന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ 16 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ യുവരാജ് സിംഗ് ദോഡിയ മടക്കി. ഓപ്പണര്‍ ആകര്‍ഷ് എ കെ പരിക്കേറ്റ് ക്രീസ് വിട്ടതും കേരളത്തിന് കനത്ത പ്രഹരമായി. 330 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന കേരളത്തിന് രണ്ട് സെഷനും 8 വിക്കറ്റും ബാക്കിയിരിക്കെ ജയിക്കാന്‍ 293 റണ്‍സ് കൂടി വേണം.
നേരത്തെ നാലാം ദിനം 351-5 എന്ന സ്കോറില്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന സൗരാഷ്ട്ര എട്ടോവര്‍ കൂടി ബാറ്റ് ചെയ്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെടുത്ത സൗരാഷ്ട്ര ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 52 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പ്രേരക് മങ്കാദിനെ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ എം ഡി നിധീഷ് ബൗള്‍ഡാക്കി. പിന്നാലെ ധര്‍മേന്ദ്ര ജഡേജയെ(10) എന്‍ പി ബേസില്‍ പുറത്താക്കി. അന്‍ഷ് ഗോസായിയെ കൂടി പുറത്താക്കിയ എം ഡി നിധീഷ് മത്സരത്തില്‍ 10 വിക്കറ്റ് നേട്ടം തികച്ചു. 11 റണ്‍സെടുത്ത നായകന്‍ ജയദേവ് ഉനദ്ഘട്ടും 12 റണ്‍സുമായി യുവരാജ് സിംഗ് ഡോഡിയയും പുറത്താകാതെ നിന്നു. സ്കോര്‍ 400 കടന്നതിന് പിന്നാലെ സൗരാഷ്ട്ര ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍ പി ബേസില്‍ മൂന്ന് വിക്കറ്റെടുത്തു.
മത്സരം സമനിലയായാലും ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ കേരളത്തിന് 3 പോയന്‍റ് ലഭിക്കും. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില വഴങ്ങിയ കേരളത്തിന് മൂന്നാം മത്സരത്തില്‍ ഇന്നിംഗ്സ് തോല്‍വി നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ജയിക്കേണ്ടത് കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ അനിവാര്യമാണ്.
എലൈറ്റ് ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ 11 പോയന്‍റുള്ള കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. 11 പോയന്‍റ് വീതമുള്ള ഗോവയും പഞ്ചാബും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 10 പോയന്‍റുള്ള മഹാരാഷ്ട്ര നാലാമതും 9 പോയന്‍റുള്ള മധ്യപ്രദേശ് അഞ്ചാമതുമാണ്. മൂന്ന് കളികളില്‍ 5 പോയന്‍റുള്ള സൗരാഷ്ട്രയാണ് ആറാമത്. മൂന്ന് കളികളില്‍ രണ്ട് പോയന്‍റ് മാത്രമുള്ള നിലവിലെ റണ്ണറപ്പുകളായ കേരളം ഏഴാമതാണ്. നാലു കളികളില്‍ ഒരു പോയന്‍റ് മാത്രമുള്ള ചണ്ഡീഗഡ് ആണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത്. ഇന്ന് സമനില നേടിയാലും കേരളത്തിന് പോയന്‍റ് പട്ടികയില്‍ 5 പോയന്‍റുള്ള സൗരാഷ്ട്രയെ മറികടക്കാനാവില്ല.

