Asianet News MalayalamAsianet News Malayalam

റെക്കോര്‍ഡ് നേട്ടത്തിലേക്ക് കുതിക്കുന്ന വിരാട് കോലിക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍.

Kerala Prime Minister Pinarayi Vijayan wishes to Virat Kohli after his ton against Sri Lanka
Author
First Published Jan 15, 2023, 10:44 PM IST

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 317 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലി (പുറത്താവാതെ 166), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 390 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 73 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്.

തുടര്‍ന്നാണ് പിണറായി ആശംസകള്‍ അറിയിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിലേക്ക് അടുക്കുന്ന കോലിക്ക് ആശംസകളും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം. ''കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് കാര്‍ണിവല്‍ തന്നെയായിരുന്നു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യന്‍ ടീം നിറഞ്ഞാടിയപ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും മികച്ച വിജയമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രചിക്കപ്പെട്ടത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ടീം ഇന്ത്യ നേടിയത്. 

ഇതോടെ 2008 ല്‍ അയര്‍ലണ്ടിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സിന്റെ റെക്കോര്‍ഡ് ജയം പഴങ്കഥയായി. വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍മഴ പെയ്യിച്ചപ്പോള്‍ 3-0 നാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. തന്റെ 46 ആം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് വിരാട് കോലി ഇന്ന് പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കേവലം മൂന്ന് സെഞ്ച്വറി കൂടി മതി കോലിക്ക്. റെക്കോര്‍ഡിലേക്ക് കുതിക്കുന്ന വിരാട് കോലിക്കും ടീം ഇന്ത്യക്കും ആശംസകള്‍.'' അദ്ദേഹം കുറിച്ചിട്ടു. പോസ്റ്റ് വായിക്കാം...  

മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. അതേസമയം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം ശുഭ്മാന്‍ ഗില്ലിന്റെ (116) പേരിലായി. എന്നാല്‍ സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഇന്നത്തെ പ്രകടനത്തോടെ കോലിയുടെ പേരിലുമായി. ഗില്‍ രണ്ടാമതും. 2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സാണ് മൂന്നാമത്.

രണ്ട് നേട്ടങ്ങള്‍, കോലി പിന്തള്ളിയത് സച്ചിനെ! നേട്ടങ്ങളുടെ നെറുകയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

Follow Us:
Download App:
  • android
  • ios