Asianet News MalayalamAsianet News Malayalam

രഞ്ജി ട്രോഫി: ബിഹാറിനെതിരെ കേരളത്തിന് സമനില; പോയിന്‍റ് പട്ടികയില്‍ മൂക്കുംകുത്തി താഴേക്ക് വീണു

നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയാണ് കേരളത്തിന്. ഒരു തോല്‍വിയും. നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. മൂന്ന് മത്സരങ്ങാണ് ഇനി കേരളത്തിന് അവശേഷിക്കുന്നത്.

Kerala vs Bihar ranji trophy match score and update
Author
First Published Jan 29, 2024, 5:13 PM IST

പറ്റ്‌ന: കേരളം - ബിഹാര്‍ രഞ്ജി ട്രോഫി മത്സരം സമനിലയില്‍. 150 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിരിക്കെ സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 109 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയാണ് കേരളത്തെ തകരാതെ കാത്തത്. ബിഹാറിന് വേണ്ടി അഷുതോഷ് അമന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 227നെതിരെ ബിഹാര്‍ 377 റണ്‍സ് നേടിയിരുന്നു.  മത്സരം സമനിലയില്‍ ആയതോടെ ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്തേക്ക് വീണു. അസം മാത്രമാണ് കേരളത്തിന് പിന്നില്‍. നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയാണ് കേരളത്തിന്. ഒരു തോല്‍വിയും. നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. മൂന്ന് മത്സരങ്ങാണ് ഇനി കേരളത്തിന് അവശേഷിക്കുന്നത്. ഇത് മൂന്നും ജയിച്ചാല്‍ പോലും കേരളം നോക്കൗട്ടിലെത്തുമോ എന്ന് കണ്ടറിയണം.

രണ്ടിന് 62 എന്ന നിലയിലാണ് കേരളം അവസാനദിനം ബാറ്റിംഗ് ആരംഭിച്ചത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (37), ആനന്ദ് കൃഷ്ണന്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്നലെ നഷ്ടമായത്. ഇന്ന് അക്ഷയ് കൃഷ്ണനാണ് ആദ്യം മടങ്ങിയത്. 38 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പ്രതാപിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ക്രീസിലെത്തിയ വിഷ്ണു വിനോദിന് (6) തിളങ്ങാനായില്ല. ഇതിനിടെ സച്ചിന്‍ ബേബി സെഞ്ചുറി പൂര്‍ത്തിയാക്കി. 146 പന്തുകള്‍ നേരിട്ട താരം 14 ബൗണ്ടറികള്‍ കണ്ടെത്തി. അഞ്ചിന് 270 എന്ന നിലയിലാണ് ബിഹാര്‍ മൂന്നാംദിനം ക്രീസിലെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 107 റണ്‍സിനിടെയാണ് ബിഹാറിന് നഷ്ടമായത്. വിപുല്‍ കൃഷ്ണയാണ് (14) ഇന്ന് ആദ്യം മടങ്ങുന്നത്. പിന്നാലെ പ്രതാപും (5) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഗനിയും മടങ്ങി. അപ്പോഴേക്കും ബിഹാറിന്റെ സ്‌കോര്‍ സുരക്ഷിത തീരത്തെത്തിയിരുന്നു. 255 പന്തുകള്‍ നേരിട്ട ഗനി രണ്ട് സിക്സും 17 ഫോറും നേടി. മോശം തുടക്കമായിരുന്നു ബിഹാറിന്. 29 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ശ്രമണ്‍ നിഗ്രോദ് (0), ബബുല്‍ കുമാര്‍ (16) എന്നിവരാണ് മടങ്ങിയത്. ശ്രമണ്‍ വിഷ്ണു രാജിന് ക്യാച്ച് നല്‍കി. ബബുലിനെ അഖിന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് പിന്നീട് പിയൂഷ് - ഗനി സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തി. 

ഇരുവരും 109 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ പിയൂഷിനെ പുറത്താക്കി ശ്രേയസ് ഗോപാല്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ റിഷവിനും (2) തിളങ്ങാനായില്ല. ഇതോടെ നാലിന് 158 എന്ന നിലയിലായി ബിഹാര്‍. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബിപിന്‍ സൗരഭ് (60) ഗനിക്ക് പിന്തുണ നല്‍കി. ഇരുവരും ക്രീസിലുറച്ചതോടെ അനായാസം റണ്‍സ് വന്നു. 110 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ ഗനി സെഞ്ചുറി പൂര്‍ത്തിയാക്കി. 199 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 13 ഫോറും നേടി.

നേരത്തെ, ഒമ്പതിന് 203 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ശേഷിക്കുന്ന വിക്കറ്റ് 24 റണ്‍സിനിടെ നഷ്ടമായി. ശ്രയസിനെ അഷുതോഷ് അമന്‍ മടക്കുകയായിരുന്നു. 229 പന്തുകള്‍ നേരിട്ട ശ്രേയസ് ഒരു സിക്‌സും 21 ഫോറും നേടി. അഖിന്‍ (0) പുറത്താവാതെ നിന്നു. അക്ഷയ് ചന്ദ്രന്‍ (37) ജലജ് സക്‌സേന (22) എന്നിവരൊഴികെ ആരും കേരള നിരയില്‍ രണ്ടക്കം കടന്നില്ല. ബിഹാറിനായി ഹിമാന്‍ശു സിങ് നാലും വീര്‍പ്രതാപ് സിംഗ് മൂന്നും വിക്കറ്റ് വീഴ്ത്തി. ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളം തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മലിനെ(5) നഷ്ടമായ കേരളത്തിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്മായി. രോഹന് പിന്നാലെ സച്ചിന്‍ ബേബി(1), ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍(9), വിഷ്ണു വിനോദ് (0) എന്നിവരും മടങ്ങിയതോടെ കേരളം 34-4ലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും ശ്രേയസ് ഗോപാലും ചേന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് പ്രതീക്ഷ നല്‍കി. 37 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്തായതിന് പിന്നാലെ വിഷ്ണു രാജ്(1) പെട്ടെന്ന് മടങ്ങിയെങ്കിലും ജലജ് സക്‌സേനയുടെ(22) പിന്തുണയില്‍ ശ്രേയസ് കേരളത്തെ 150 കടത്തി. സ്‌കോര്‍ ബോര്‍ഡില്‍ 163 റണ്‍സെത്തിയപ്പോഴേക്കും ജലജ് സക്‌സേനയും മടങ്ങിയെങ്കിലും വാലറ്റക്കാരെ സാക്ഷി നിര്‍ത്തി ഒറ്റക്ക് പൊരുതിയ ശ്രേയസ് സെഞ്ചുറിയിലെത്തി. 164 റണ്‍സില്‍ എട്ടാം വിക്കറ്റും 176 റണ്‍സില്‍ ഒമ്പതാം വിക്കറ്റും നഷ്ടമായെങ്കിലും അവസാന വിക്കറ്റില്‍ അഖിനെ ഒരറ്റത്ത് നിര്‍ത്തിയാണ് ശ്രേയസ് സെഞ്ചുറിയിലെത്തിയത്.

ജഡേജയും രാഹുലും പുറത്ത്! രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ഇരട്ടപ്രഹരം; പകരക്കാരെ അറിയാം, സര്‍ഫറാസ് ടീമില്‍

Latest Videos
Follow Us:
Download App:
  • android
  • ios