രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 20 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മഹാരാഷ്ട്ര കേരളത്തിനെതിരായ മത്സരത്തില്‍ പിടിമുറുക്കി.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടി. 20 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മഹാരാഷ്ട്ര അവസാന ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന ശക്തമായ നിലയിലാണ്. 13 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദും 25 റണ്‍സോടെ സിദ്ദേശ് വീറും ക്രീസില്‍. 34 റണ്‍സെടുത്ത ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി, 75 റണ്‍സെടുത്ത പൃഥ്വി ഷാ എന്നിവരുടെ വിക്കറ്റുകളാണ് മഹാരാഷ്ട്രക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. എട്ട് വിക്കറ്റ് ശേഷിക്കെ മഹാരാഷ്ട്രക്ക് ഇപ്പോള്‍ 168 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയിലായിരുന്നു മഹാരാഷ്ട്ര നാലാം ദിനം ക്രീസിലിറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷാ-അര്‍ഷിൻ കുല്‍ക്കര്‍ണി സഖ്യം 84 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മഹാരാഷ്ട്ര സമനില ഉറപ്പിച്ചു. അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ എന്‍ പി ബേസിലാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ കരുതലോടെ കളിച്ച പൃഥ്വി ഷാ 102 പന്തില്‍ ഏഴ് ബൗണ്ടറികള്‍ മാത്രം നേടി 75 റണ്‍സെടുത്തതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു. രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ-സിദ്ദേശ് വീര്‍ സഖ്യം 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മഹാരാഷ്ട്രയെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു.
മത്സരം സമനിലയാവുമെന്ന് ഉറപ്പായതോടെ നിലവിലെ റണ്ണറപ്പുകളായ കേരളത്തിന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഹോം ഗ്രൗണ്ടില്‍ തിരിച്ചടിയേറ്റത് ആരാധകരെ നിരാശരാക്കി. ആദ്യ ഇന്നിംഗ്സില്‍ റണ്‍സെടുക്കും മുമ്പെ 3 വിക്കറ്റും അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റും 18 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും നഷ്ടമായെങ്കിലും ജലജ് സക്സേനയുടെയും റുതുരാജ് ഗെയ്‌ക്വാദിന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തില്‍ മഹാരാഷ്ട്ര 239 റണ്‍സിലെത്തി.
നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നെങ്കില്‍ 3 പോയന്‍റ് നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും 20 റണ്‍സ് ലീഡ് വഴങ്ങിയതോടെ അതും കൈവിട്ടു. ഇതോടെ ഈ മത്സരത്തില്‍ നിന്ന് കേരളത്തിന് ഇനി ഒരു പോയന്‍റ് മാത്രമെ പ്രതീക്ഷിക്കാനാവു.


