രോഹിത്തും കോലിയും തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകും. രോഹിത് ഓപ്പണറായി ഇറങ്ങുമെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ പെര്‍ത്തില്‍ തുടക്കമാകും. ഏഴ് മാസത്തെ ഇടവേളക്കുശേഷം രോഹിതും കോലിയും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. നായക സ്ഥാനത്തിന്‍റെ ഭാരമില്ലാതെയെത്തുന്ന രോഹിതും റെക്കോർഡുകൾ ഭേദിക്കാൻ കിംഗ് കോലിയും ഇറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം രോ-കോ സഖ്യത്തലാകുമെന്നുരപ്പ്. മാർച്ചിലെ ചാംപ്യൻസ് ട്രോഫിയിലാണ് കിംഗ് കോലിയും രോഹിതും അവസാനമായി ഇന്ത്യൻ ജേഴ്സിയിൽ കളിച്ചത്. പ്രഫഷനൽ ക്രിക്കറ്റിൽ അവസാനം കളത്തിലിറങ്ങിയത് ജൂണിലെ ഐപിഎല്ലിലും. മത്സരങ്ങൾക്കിടയിലെ ഈ നീണ്ട ഇടവേള താരങ്ങളുടെ ഫോമിനെ ബാധിച്ചില്ലെന്ന് നെറ്റ്സിൽ വ്യക്തം. പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ കഠിന പരിശ്രമമാണ് ഇരുവരും നടത്തുന്നത്. ഫിറ്റ്നെസ് ഫ്രീക്കായാണ് താരങ്ങൾ ഓസീസ് മണ്ണിലെത്തിയത്.

ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്തിന്‍റെയും കോലിയുടെയും കരിയറിലെ അവസാന ഓസ്ട്രേലിയൻ പര്യടനമാകാനാണ് സാധ്യത. അടുത്ത ഏകദിന ലോകകപ്പിൽ ഉണ്ടാകുമോയെന്നത് താരങ്ങളുടെ ഫോമിനെ ആശ്രയിച്ചിരിക്കും. രോഹിത്തും കോലിയും തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകും. രോഹിത് ഓപ്പണറായി ഇറങ്ങുമെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റനായി അരങ്ങേറുന്ന ശുഭ്മാന്‍ ഗില്ലാകും രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. രോഹിത്തും ഗില്ലും ഓപ്പണര്‍മാരായാല്‍ യുവ ഓപ്പണര്‍ യശശ്വി ജയ്സ്വാള്‍ പുറത്തിരിക്കേണ്ടിവരും. വിരാട് കോലി മൂന്നാം നമ്പറിലെത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ നാലാമനായും കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലും ക്രീസിലിറങ്ങും.

നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ എന്നിവരായിരിക്കും ഇന്ത്യയുടെ പേസ്-സ്പിന്‍ ഓള്‍ റൗണ്ടര്‍മാര്‍. കുല്‍ദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തിയാല്‍ അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയും പേസര്‍മാരായി ടീമിലെത്തും. പെര്‍ത്തിലെ പിച്ച് പേസര്‍മാരെ തുണക്കുന്നതാണ് ചരിത്രം. ഈ സാഹചര്യത്തില്‍ ഹര്‍ഷിതിന് പകരം മികച്ച ബൗണ്‍സ് കണ്ടെത്താന്‍ കഴിയുന്ന പ്രസിദ്ധ് കൃഷ്ണയെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക