വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയിലായിരുന്നു മഹാരാഷ്ട്ര നാലാം ദിനം ക്രീസിലിറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷാ-അര്‍ഷിൻ കുല്‍ക്കര്‍ണി സഖ്യം 84 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മഹാരാഷ്ട്ര സമനില ഉറപ്പിച്ചു.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള-മഹാരാഷ്ട്ര മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാന ദിനം മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സില്‍ നില്‍ക്കെ ഇരു ടീമും സമനിലക്ക് സമ്മതിക്കുകയായിരുന്നു. പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്‌വാദ്, സിദ്ദേശ് വീര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മഹാരാഷ്ട്രയെ ശക്തമായ നിലയിലെത്തിച്ചത്. പൃഥ്വി ഷാ 75 റണ്‍സെടുത്തപ്പോള്‍ സിദ്ദേശ് വീറും റുതുരാജ് ഗെയ്ക്‌വാദും 55 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. പൃഥ്വി ഷാക്ക് പുറമെ 34 റണ്‍സെടുത്ത അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ വിക്കറ്റാണ് മഹാരാഷ്ട്രക്ക് അവസാന ദിനം നഷ്ടമായത്. മത്സരത്തില്‍ 20 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മഹാരാഷ്ട്ര 3 പോയന്‍റ് സ്വന്തമാക്കിയപ്പോൾ കേരളത്തിന് ഒരു പോയന്‍റ് മാത്രമെ നേടാനായുള്ളു. സ്കോര്‍ മഹാരാഷ്ട്ര 239, 224-2, കേരളം 219.

വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയിലായിരുന്നു മഹാരാഷ്ട്ര നാലാം ദിനം ക്രീസിലിറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷാ-അര്‍ഷിൻ കുല്‍ക്കര്‍ണി സഖ്യം 84 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മഹാരാഷ്ട്ര സമനില ഉറപ്പിച്ചു. അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ എന്‍ പി ബേസിലാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. എന്നാല്‍ കരുതലോടെ കളിച്ച പൃഥ്വി ഷാ 102 പന്തില്‍ ഏഴ് ബൗണ്ടറികള്‍ മാത്രം നേടി 75 റണ്‍സെടുത്തതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു. രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷാ-സിദ്ദേശ് വീര്‍ സഖ്യം 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മഹാരാഷ്ട്രയെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. 

നിലയുറപ്പിച്ച് റുതുരാജ്

പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ റുതുരാജ്-സിദ്ദേശ് വീര്‍ സഖ്യം 103 റണ്‍സ് കൂടി അടിച്ചെടുത്തതോടെ ഇരു ടീമുകളും സമനിലക്ക് സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ സമനില മാത്രമാണ് മഹാരാഷ്ട്ര ലക്ഷ്യമിട്ടത്. 197 പന്തുകള്‍ നേരിട്ടാണ് സിദ്ദേശ് വീര്‍ 55 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. റുതുരാജ് 81 പന്തില്‍ 55 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്സില്‍ 91 റണ്‍സുമായി റുതുരാജ് മഹാരാഷ്ട്രയുടെ ടോപ് സ്കോററായിരുന്നു.

വമ്പന്‍ തിരിച്ചുവരവ്

ആദ്യ ദിനം ആദ്യ ഇന്നിംഗ്സില്‍ റണ്‍സെടുക്കും മുമ്പെ 3 വിക്കറ്റും അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റും 18 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും നഷ്ടമായെങ്കിലും ജലജ് സക്സേനയുടെയും റുതുരാജ് ഗെയ്‌ക്വാദിന്‍റെയും ഇന്നിംഗ്സുകളുടെ കരുത്തില്‍ മഹാരാഷ്ട്രയെ 239 റണ്‍സെന്ന പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഈ മാസം 25 മുതല്‍ മുള്ളന്‍പൂരില്‍ പഞ്ചാബുമായാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക