കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസീസ് സ്പിന്നര്‍ ക്രിസ് ഗ്രീനിനെ സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ബൗളിംഗില്‍ നിന്ന് ഐസിസി വിലക്കി. മൂന്ന് മാസത്തേക്കാണ് വിലക്ക്.

ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടേഴ്സിനായി കളിക്കുന്നതിനിടെയാണ് ഓഫ് സ്പിന്നറായ ഗ്രീനിന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്ന് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് കൊല്‍ക്കത്ത 26കാരനായ ഗ്രീനിനെ ടീമിലെടുത്തത്.

പരിശോധനകള്‍ക്ക് ശേഷം ഐസിസി അനുവദിക്കുകയാമെങ്കില്‍ ഗ്രീനിന് ബൗളിംഗ് തുടരാം. മാര്‍ച്ച് 29നാണ് ഐപിഎല്‍ തുടങ്ങുന്നത്. ഈ സമയത്തും ഗ്രീന്‍ വിലക്കിലാവുമെന്നതിനാല്‍ ഐസിസി ഭരണസമിതിയുടെ അമുമതിയോടെ മാത്രമെ ഐപിഎല്ലില്‍ പങ്കെടുക്കാനാവു. ഓള്‍ റൗണ്ടര്‍ എന്ന നിലയിലാണ് ഗ്രീനിനെ കൊല്‍ക്കത്ത ടീമിലെടുത്തത്.