ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍.
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. ഇന്ന് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് കളിക്കുമ്പോഴാണ് രാഹുല്‍ നാഴികക്കല്ല് പിന്നിട്ടത്. 25 ഇന്നിംഗ്‌സില്‍ നിന്നാണ് നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 30 ഇന്നിംഗ്‌സില്‍ നിന്ന് 1575 റണ്‍സാണ് സച്ചിന്‍ നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 23 ഇന്നിംഗ്‌സില്‍ നിന്ന് മാത്രമായി 1367 റണ്‍സാണ് ദ്രാവിഡ് അടിച്ചെടുത്തത്. 28 ഇന്നിംഗ്‌സില്‍ നിന്ന് 1152 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ മൂന്നാമത്.
അവര്‍ക്ക് പിന്നില്‍ വിരാട് കോലി. 33 ഇന്നിംഗ്‌സില്‍ നിന്ന് 1096 റണ്‍സ് കോലി നേടി. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് മാഞ്ചസ്റ്റര്‍ ടെസ്റ്റലില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. പന്ത് ഇതുവരെ 23 ഇന്നിംഗ്‌സില്‍ നിന്ന് 981 റണ്‍സാണ് നേടിയത്. 29 ഇന്നിംഗ്‌സുകള്‍ കളിച്ച രവീന്ദ്ര ജഡേജ 969 റണ്‍സും നേടി. അതേസമയം, മാഞ്ചസ്റ്ററില്‍ ടോസ് ജയിച്ച ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാവുന്നത്.
ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങുന്നത്. പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും പരിക്കുള്ള ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ലിയാം ഡോസണ്‍, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.

