ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ പരമ്പര ജയം തേടിയാണ് കെ എല്‍ രാഹുല്‍ സിംബാബ്‌വെയില്‍ എത്തിയിരിക്കുന്നത്

ഹരാരെ: പരിക്കിനും കൊവിഡിനും ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞ് ഇന്ത്യന്‍ കുപ്പായത്തിലേക്ക് മടങ്ങിയെത്തുകയാണ് കെ എല്‍ രാഹുല്‍. സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍റെ അധിക ചുമതല കൂടി രാഹുലിനുണ്ട്. ഇന്ത്യയുടെ ഇതിഹാസ നായകനായ എം എസ് ധോണിയുടെയോ നിലവിലെ പൂര്‍ണസമയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയോ പാത പിന്തുടരാനാണോ ശ്രമം എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറിപടി വൈറലായിക്കഴി‍ഞ്ഞു. 

'എനിക്ക് മറ്റൊരാളാകാന്‍ കഴിയില്ല. മറ്റൊരാളെ പോലെയാവാന്‍ ശ്രമിച്ചാല്‍ എന്നോടോ ടീമിനോടോ ക്രിക്കറ്റിനോടോ നീതി പുലര്‍ത്താന്‍ കഴിയില്ല. ഞാന്‍ എന്നെപ്പോലെയാവാനും മറ്റുള്ളവരെ അവരെപ്പോലെ തന്നെ ആയി നിലനില്‍ക്കാന്‍ അനുവദിക്കുകയുമാണ് ആഗ്രഹിക്കുന്നത്. എം എസ് ധോണിയെ പോലൊരു താരവുമായി ഞാനെന്നെ താരതമ്യം ചെയ്യാറില്ല. രാജ്യത്തിനായി അവര്‍ നേടിയ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ അതൊക്കെ മഹത്തരമാണ്. അവര്‍ക്ക് സമാനമായി മറ്റൊരു പേരും പറയാനാകില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇതെന്‍റെ രണ്ടാമത്തെ പരമ്പരയാണ്. ധോണിക്ക് കീഴില്‍ കളിച്ച് അദ്ദേഹത്തില്‍ നിന്ന് ഏറെക്കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അവരില്‍ നിന്നെല്ലാം നമുക്കേറെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും' എന്നും രാഹുല്‍ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

Scroll to load tweet…

ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ പരമ്പര ജയം തേടിയാണ് കെ എല്‍ രാഹുല്‍ സിംബാബ്‌വെയില്‍ എത്തിയിരിക്കുന്നത്. ടീം ഇന്ത്യയെ മുമ്പ് മൂന്ന് ഏകദിനങ്ങളിലും ഒരു ടെസ്റ്റിലും നയിച്ച രാഹുലിന് ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിരുന്നില്ല. ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ബഞ്ച് കരുത്ത് പരിശോധിക്കപ്പെടുന്ന പരമ്പരയാണിത്. ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്കെത്തുകയാണ് രാഹുലിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12:45നാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. ഹരാരെ സ്പോര്‍ട്‌സ് ക്ലബാണ് മത്സരവേദി. 

ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

കാര്യമൊക്കെ ശരിതന്നെ, ഒരുപാട് താരങ്ങളുണ്ട്, പക്ഷേ മൂന്നാം നമ്പറില്‍ കളിക്കുക അയാള്‍; പ്രവചനവുമായി മുന്‍താരം