ട്വന്റി 20 ലോകകപ്പില്‍ കളിക്കാനാണ് ആഗ്രഹമെന്ന് കെ.എല്‍ രാഹുല്‍. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. 

ബെംഗളൂരു: ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് കെ.എല്‍ രാഹുല്‍. അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നത് ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫിലേക്ക് മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും രാഹുല്‍ 13 കളിയില്‍ നേടിയത് 539 റണ്‍സ്. 149. 72 സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടിച്ച രാഹുല്‍ നേടിയത് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും. ആറ് സീസണിനിടെ രാഹുല്‍ അഞ്ഞൂറിലേറെ റണ്‍സ് നേടുന്നത് അഞ്ചാം തവണ. 

ഇതുകൊണ്ടൊന്നും സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ ഇടംപിടിക്കുക രാഹുലിന് എളുപ്പമാവില്ല. ഇത് ഏറ്റവും നന്നായി അറിയുന്നതും രാഹുലിന് തന്നെ. മലയാളി താരം സഞ്ജു സാംസണാണ് നിലവില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയുംസംയുക്തയമായി വേദിയാവുന്ന ട്വന്റി 20 ലോകകപ്പാണ് രാഹുലിന്റെ ലക്ഷ്യം. 33കാരനായ രാഹുല്‍ അവസാനമായി അന്താരാഷ്ട്ര ട്വന്റി 20യില്‍ കളിച്ചത് 2022ലെ ലോകകപ്പ് സെമിയില്‍. 72 ട്വന്റി 20യില്‍ രണ്ട് സെഞ്ച്വറിയും 22 അര്‍ധസെഞ്ച്വറിയും ഉള്‍പ്പടെ രാഹുല്‍ 2265 റണ്‍സെടുത്തിട്ടുണ്ട്.

ഐപിഎല്ലിനിടെ ട്വന്റി 20 ക്രിക്കറ്റില്‍ അതിവേഗം 8,000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ബാറ്ററായി രാഹുല്‍ മാറിയിരുന്നു. ഇതിഹാസ താരം വിരാട് കോലിയെ മറികടന്നാണ് നേട്ടം. 224 ഇന്നിങ്‌സാണ് 8,000 റണ്‍സ് പിന്നിടാന്‍ രാഹുലിന് ആവശ്യമായി വന്നത്. അതേസമയം കോലി സമാനനേട്ടത്തിലേക്ക് എത്തിയത് 243 ഇന്നിങ്‌സിലാണ്. ട്വന്റി 20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗം 8,000 റണ്‍സ് തികച്ച താരം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലാണ്. 213 ഇന്നിങ്‌സ് മാത്രമാണ് ഗെയ്ലിന് ആവശ്യമായി വന്നത്. 

തൊട്ടുപിന്നില്‍ പാക്കിസ്ഥാന്റെ ബാബര്‍ അസമാണ്. 218 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബര്‍ 8,000 പിന്നിട്ടത്. രാഹുലിന് പിന്നിലായാണ് കോലി. ശേഷം പാക്കിസ്ഥാന്റെ തന്നെ മുഹമ്മദ് റിസ്വാനാണ്. 244 ഇന്നിങ്‌സാണ് റിസ്വാന് ആവശ്യമായി വന്നത്.