ക്യാപ്റ്റനെ മാറ്റിയതിനെക്കുറിച്ച് കോലി അദ്ദേഹത്തിന്‍റെ ഭാഗം വിശദീകരിച്ചു കഴിഞ്ഞു. ഇനി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ അവസരമാണ്. ഗാംഗുലിക്ക് അദ്ദേഹത്തിന്‍റെ ഭാഗം പറയാം. കാരണം യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് ശരിക്കു നടന്നതെന്ന് അറിയാതെ ഇതില്‍ ആരു നുണ പറയുന്നു, ആര് സത്യം പറയുന്നു എന്നൊന്നും ഇപ്പോള്‍ തീരുമാനിക്കേണ്ട കാര്യമില്ലന്നും രവി ശാസ്ത്രി പറഞ്ഞു.
മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്‍റെ (Indian ODI Team) നായക സ്ഥാനത്തു നിന്ന് വിരാട് കോലിയെ(Virat Kohli) മാറ്റിയതിനെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri). ക്യാപ്റ്റനെ മാറ്റിയ വിഷയത്തില്‍ വിരാട് കോലി അദ്ദേഹത്തിന്‍റെ ഭാഗം വിശദീകരിച്ചുവെന്നും ഇനി ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് (Sourav Ganguly)അദ്ദേഹത്തിന്‍റെ ഭാഗം പറയേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു. നല്ല രീതിയില്‍ ആശയവിനിമയം നടത്തിയിരുന്നെങ്കില്‍ വിരാട് കോലി വിഷയം കുറച്ചു കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിനോട് രവി ശാസ്ത്രി പറഞ്ഞു.
ക്യാപ്റ്റനെ മാറ്റിയതിനെക്കുറിച്ച് കോലി അദ്ദേഹത്തിന്‍റെ ഭാഗം വിശദീകരിച്ചു കഴിഞ്ഞു. ഇനി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ അവസരമാണ്. ഗാംഗുലിക്ക് അദ്ദേഹത്തിന്‍റെ ഭാഗം പറയാം. കാരണം യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് ശരിക്കു നടന്നതെന്ന് അറിയാതെ ഇതില്‍ ആരു നുണ പറയുന്നു, ആര് സത്യം പറയുന്നു എന്നൊന്നും ഇപ്പോള്‍ തീരുമാനിക്കേണ്ട കാര്യമില്ലന്നും രവി ശാസ്ത്രി പറഞ്ഞു.
കോലി ടി20 നായക സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്വഭാവികമായും ആ പദവിയിലേക്ക് ഒറ്റ ചോയ്സെ ഉണ്ടായിരുന്നുള്ളു, അത് രോഹിത് ശര്‍മയാണ്. വിദേശത്ത് അശ്വിനല്ല കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന തന്‍റെ പ്രസ്താവനക്ക് അശ്വിന്‍ നല്‍കിയ മറുപടിയെക്കുറിച്ചും രവി ശാസ്ത്രി മനസുതുറന്നു.

തന്‍റെ ആ പ്രസ്താവന അശ്വിനെ കൂടുതല്‍ ശാരീരികക്ഷമതയുള്ള ബൗളറാക്കി മാറ്റിയെങ്കില്‍ ഞാന്‍ സന്തോഷവാനാണ്. 2019ല്‍ പന്തെറിയുന്നതുപോലെയല്ല അശ്വിന്‍ ഇപ്പോള്‍ 2021ല്‍ പന്തെറിയുന്നത്. കുല്‍ദീപിനെക്കുറിച്ച് ഞാന്‍ പറഞ്ഞ അശ്വിനെ വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം, ആ പ്രസ്താവനയാണ് അശ്വിനെ വ്യത്യസ്ത രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 2018ല്‍ തന്നെ ശാരീരികക്ഷമത നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അശ്വിനോട് പറഞ്ഞിരുന്നു. അദ്ദേഹം അതിനുശേഷം കഠിനാധ്വാനം ചെയ്തു. അശ്വിനിപ്പോള്‍ പന്തെറിയുന്നത് നോക്കു, ലോകോത്തരമായാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം വിരാട് കോലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും വ്യക്തിപരമായും കോലിയോട് ഇക്കാര്യം സംസാരിച്ചുവെന്നും ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗാംഗുലിയുടെ വാദങ്ങള്‍ കോലി പൂര്‍ണമായും തള്ളിയതാണ് വിവാദത്തിന് കാരണമായത്.
ടെസ്റ്റ് ടീമിനെ സെലക്ട് ചെയ്യാനുള്ള സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിനൊടുവിലാണ് തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചതെന്ന് കോലി വ്യക്തമാക്കി. ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ വാദവും കോലി പരസ്യമായി തള്ളിക്കളഞ്ഞിരുന്നു.
ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ കോലി സ്വയം തയാറായതാണെങ്കില്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് കോലിയെ പുറത്താക്കുകയായിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമ്പോള്‍ ഏകദിന, ടെസ്റ്റ് നായക സ്ഥാനത്ത് തുടരാന്‍ കോലി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഇക്കാര്യം പരിഗണിക്കാതെ രോഹിത് ശര്‍മയെ ഏകദിന നായകനാക്കിയതാണ് കോലിയെ ചൊടിപ്പിച്ചത്.
