ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കോലിയെ മാറ്റിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. സെലക്ടര്‍മാര്‍ക്കുവേണ്ടി സംസാരിച്ച ബിസിസിഐ പ്രസിഡന്‍റ് എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചെയ്തത്.
മുംബൈ: ഇന്ത്യന്‍ ഏകദിന ടീം (Indian ODI Team)നായക സ്ഥാനത്തു നിന്ന് വിരാട് കോലിയെ(Virat Kohli) മാറ്റി രോഹിത് ശര്‍മയെ(Rohit Sharma) ക്യാപ്റ്റനാക്കിയതിന് പിന്നാലെ സെലക്ടര്‍മാരുടെ തീരുമാനത്തെ ന്യായീകരിച്ച ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly) ചെയ്തത് എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയായി പോയെന്ന് മുന്‍ നായകന്‍ ദിലീപ് വെംഗ്‌സര്‍ക്കാര്‍. വിവാദം നിര്‍ഭാഗ്യകരമാണെന്നും ബിസിസിഐ കുറച്ചു കൂടി പ്രഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്നും വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കോലിയെ മാറ്റിയതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. സെലക്ടര്‍മാര്‍ക്കുവേണ്ടി സംസാരിച്ച ബിസിസിഐ പ്രസിഡന്‍റ് എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചെയ്തത്. സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിനെക്കുറിച്ച് ഗാംഗുലിക്ക് പറയേണ്ട കാര്യമേ ഇല്ലായിരുന്നു. ഗാംഗുലി ബിസിസിഐ പ്രസിഡന്‍റാണ്. സെലക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു പ്രതികരിക്കേണ്ടത്.
ബിസിസിഐ പ്രഫഷണല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് വിരാട് കോലിയെ വേദനിപ്പിച്ചിട്ടുണ്ടാവാം. ഗാംഗുലി എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞപ്പോള്‍ തന്‍റെ ഭാഗം ന്യായീകരിക്കാന്‍ കോലി നിര്‍ബന്ധിതനാവുകയായിരുന്നു. ഒരു ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതും പുറത്താക്കുന്നതും സെലക്ഷന്‍ കമ്മിറ്റിയാണ്. അപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കേണ്ടത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ്. അത് ഗാംഗുലിയുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും മുന്‍ ചീഫ് സെലക്ടര്‍ കൂടിയായ വെംഗ്‌സര്‍ക്കാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ടാവും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാധ്യമങ്ങളെ കാണുന്നില്ലായിരിക്കാം. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റിന് കോലി നല്‍കിയ സംഭാവനകളെ ബഹുമാനിച്ചേ മതിയാവു. കാരണം രാജ്യത്തിനായും ഇന്ത്യന്‍ ക്രിക്കറ്റിനായും ഒരുപാട് ചെയ്ത കളിക്കാരനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഈ വിഷയം കൈകാര്യം ചെയ്ത രീതി തീര്‍ച്ചയായും അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാവുമെന്നും വെംഗ്‌സര്‍ക്കാര്‍ വ്യക്തമാക്കി.
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം വിരാട് കോലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും വ്യക്തിപരമായും കോലിയോട് ഇക്കാര്യം സംസാരിച്ചുവെന്നും ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗാംഗുലിയുടെ വാദങ്ങള്‍ കോലി പൂര്‍ണമായും തള്ളിയതാണ് വിവാദത്തിന് കാരണമായത്.
ടെസ്റ്റ് ടീമിനെ സെലക്ട് ചെയ്യാനുള്ള സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിനൊടുവിലാണ് തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചതെന്ന് കോലി വ്യക്തമാക്കി. ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ വാദവും കോലി പരസ്യമായി തള്ളിക്കളഞ്ഞിരുന്നു.
ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ കോലി സ്വയം തയാറായതാണെങ്കില്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് കോലിയെ പുറത്താക്കുകയായിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമ്പോള്‍ ഏകദിന, ടെസ്റ്റ് നായക സ്ഥാനത്ത് തുടരാന്‍ കോലി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഇക്കാര്യം പരിഗണിക്കാതെ രോഹിത് ശര്‍മയെ ഏകദിന നായകനാക്കിയതാണ് കോലിയെ ചൊടിപ്പിച്ചത്.
