താരലേലത്തില്‍ കെകെആര്‍ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ സംതൃപ്തി പ്രകടിപ്പിച്ചു. കൊല്‍ക്കത്തയില്‍ കളിക്കാന്‍ താരങ്ങള്‍ കാത്തിരിക്കുകയാണെന്ന് അരുണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തിന്റെ തുടക്കത്തില്‍ അത്ര സജീവമായിരുന്നില്ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് കോടിയോളം രൂപയാണ് അവര്‍ക്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. അതില്‍ 5.40 കോടി ഉപയോഗിക്കുകയും ചെയ്തു. ഒമ്പത് താരങ്ങളെ അവര്‍ ടീമിലെത്തിച്ചു. ഇതില്‍ ബംഗ്ലാദേശ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും നിശ്ചിത ഓവറില്‍ ടീമിനെ നയിക്കുന്ന ലിറ്റണ്‍ ദാസും നമീബിയന്‍ താരം ഡേവിഡ് വീസും ഉള്‍പ്പെടും. ഹര്‍ഷിത് റാണ, മന്‍ദീപ് സിംഗ്, കുല്‍വന്ദ് കെജ്രോളിയ, സുയഷ് ശര്‍മ, എന്‍ ജഗദീഷന്‍, വൈഭവ് അറോറ എന്നിവരാണ് മറ്റുതാരങ്ങള്‍.
താരലേലത്തില്‍ കെകെആര്‍ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ സംതൃപ്തി പ്രകടിപ്പിച്ചു. കൊല്‍ക്കത്തയില്‍ കളിക്കാന്‍ താരങ്ങള്‍ കാത്തിരിക്കുകയാണെന്ന് അരുണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഐപിഎല്‍ താരലേലത്തിലൂടെ മികച്ച ടീമിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞു. ടീമിനൊപ്പം കളിക്കാന്‍ താരങ്ങള്‍ കാത്തിരിക്കുകയാണ്. പരിചയസമ്പന്നനായ ഷാക്കിബ് അല്‍ ഹസന്റെ സാന്നിധ്യം നേട്ടമാകും. കൊവിഡ് ഇടവേളയ്ക്ക് ശേഷം ഈഡന്‍ ഗാര്‍ഡന്‍സിലേക്കുള്ള മടക്കം ഫ്രാഞ്ചൈസിക്കും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്.'' അരുണ്‍ പറഞ്ഞു.
യുവപേസര്‍മാരായ മുകേഷ് കുമാര്‍, ശിവം മാവി പോലുള്ള യുവപേസര്‍മാര്‍ക്ക് ഐപിഎല്ലില്‍ തിളങ്ങാനാകുമെന്നും അരുണ്‍ കൂട്ടിചേര്‍ത്തു. ഏഴ് കോടി അഞ്ച് ലക്ഷം രൂപയുമായി കൊച്ചിയിലെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു താരലേലത്തില്‍ ഏറ്റവും കുറച്ച് തുക കൈയിലുണ്ടായിരുന്ന ഫ്രാഞ്ചൈസി. ശ്രേയസ് അയ്യരുടെ കീഴിലാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നു അവരുടേത്. 14 മത്സരങ്ങളില്‍ 12 പോയിന്റ് മാത്രം നേടിയ കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ് അവസാനിപ്പിച്ചത്.
