ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ നാലാമതാണ് പാകിസ്ഥാനെതിരായ ജയം. ഹോംങ്കോങ്ങിനെതിരെ ഇന്ത്യ 256 റണ്‍സിന് ജയിച്ചതാണ് ഏറ്റവും വലിയജയം.

കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നേടിയത്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വിജയമാണിത്. ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ തിരുവനന്തപുരത്ത് നേടിയ 317 റണ്‍സിന്റെ വിജയമാണ് ഏറ്റവും വലിയ വിജയം. 2007ല്‍ ബെര്‍മുഡയ്‌ക്കെതിരെ നേടിയ 257 റണ്‍സിന്റെ ജയം രണ്ടാം സ്ഥാനത്ത്. 2008ല്‍ കറാച്ചിയില്‍ ഹോംങ്കോങ്ങിനെതിരെ നേടി 256 റണ്‍സിന്റെ ജയം മൂന്നാം സ്ഥാനത്ത്. ഇപ്പോള്‍ പാകിസ്ഥാനെതിരായ കൂറ്റന്‍ ജയവും. 

ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ നാലാമതാണ് പാകിസ്ഥാനെതിരായ ജയം. ഹോംങ്കോങ്ങിനെതിരെ ഇന്ത്യ 256 റണ്‍സിന് ജയിച്ചതാണ് ഏറ്റവും വലിയജയം. ഇത്തവണ നേപ്പാളിനെതിരെ പാകിസ്ഥാന്‍ നേടിയ 238 റണ്‍സിന്റെ ജയം രണ്ടാമത്. 2000ല്‍ ബംഗ്ലാദേശിനെ പാകിസ്ഥാന്‍ 233 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഇതിന് പിന്നില്‍ നാലാമതാണ് ഇന്ത്യയുടെ ജയം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. 

അതേസമയം, മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവിനെ തേടിയും ഒരു നേട്ടമെത്തി. പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ സ്പിന്നറായി കുല്‍ദീപ്. 1988 ധാക്കയില്‍ അര്‍ഷദ് അയൂബ് 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. 2005ല്‍ കൊച്ചിയില്‍ സച്ചിന്‍ നേടിയ അഞ്ച് വിക്കറ്റ് നേട്ടവും പട്ടികയിലുണ്ട്. അന്ന് 50 റണ്‍സാണ് സച്ചിന്‍ വിട്ടുകൊടുത്തത്. അടുത്തത് കുല്‍ദീപ് യാദവ്. 1996ല്‍ ടൊറോന്റോയില്‍ അനില്‍ കുംബ്ലെ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നേടിയ നാല് വിക്കറ്റ് നേട്ടവും പട്ടികയിലുണ്ട്. 

സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ നിരയില്‍ ഒരാള്‍ പോലും 30 റണ്‍സിനപ്പുറം നേടിയിരുന്നില്ല. 27 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. അഗല്‍ സമാന്‍ (23), ഇഫ്തിഖര്‍ അഹമ്മദ് (23), ബാബര്‍ അസം (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇമാം ഉല്‍ ഹഖ് (9), മുഹമ്മദ് റിസ്‌വാന്‍ (2), ഷദാബ് ഖാന്‍ (6), ഫഹീം അഷ്‌റഫ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹീന്‍ അഫ്രീദി (7) പുറത്താവാതെ നിന്നു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ബാറ്റിംഗിനെത്തിയില്ല.

കൂറ്റന്‍ തോല്‍വി! പാകിസ്ഥാന്‍ വീണത് നാണക്കേടിന്റെ കയത്തില്‍; ഉത്തരവാദിത്തം രോഹിത്തിനും സംഘത്തിനും തന്നെ