നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റതോടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നത് ടീം മാനേജ്മെന്‍റിന് എളുപ്പമായി. ഓസ്ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് നിതീഷിന് പരിക്കേറ്റത്.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിലും പുറത്തിരുന്ന കുല്‍ദീപ് യാദവിനെ സിഡ്നിയിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉള്‍പ്പെടുത്താൻ കാരണമായത് ഓൾ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റതിനാല്‍. മികച്ച ഫോമിലുള്ള കുല്‍ദീപിനെ ആദ്യ രണ്ട് ഏകദിനങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കുമെന്ന് കരുതുന്ന സിഡ്നിയിൽ കുല്‍ദീപ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരുന്നു.
എന്നാല്‍ ഇതിനിടെ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റതോടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നത് ടീം മാനേജ്മെന്‍റിന് എളുപ്പമായി. ഓസ്ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് നിതീഷിന് പരിക്കേറ്റത്. രണ്ടാം ഏകദിനത്തിനിടെ ഇടതുതുടയില്‍ നിതീഷീന് പരിക്കേറ്റുവെന്നും നിലവില്‍ താരം മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പരിക്കുള്ളതുകൊണ്ടാണോ ഒഴിവാക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും അര്‍ഷ്ദീപിനും നേരിയ പരിക്കുണ്ടെന്നാണ് സൂചന. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ അര്‍ഷ്ദീപ് കാലിലെ പേശിവലിവ് മൂലം ബുദ്ധിമുട്ടിയിരുന്നു. ഏകദിന പരമ്പര കൈവിട്ടതിനാല്‍ ടി20 പരമ്പരയിലും കളിക്കേണ്ട അര്‍ഷ്ദീപിന് വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അര്‍ഷ്ദീപിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് മൂന്നാം ഏകദിനത്തില്‍ പ്ലേയിംഗ് ഇലവനിലെത്തിയത്.
പരമ്പര നേടിയതിനാല്‍ ഓസ്ട്രേലിയ പേസര്‍മാരായ മിച്ചല്‍ മാര്‍ഷിനും ജോഷ് ഹേസല്‍വുഡിനും വിശ്രമം അനുവദിക്കുമെന്ന് കരുതിയെങ്കിലും ഇരുവരും ഇന്ന് ഓസ്ട്രേലിയക്കായി കളിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ സേവിയര്‍ ബാർട്‌ലെറ്റിന് പകരം നഥാന്‍ എല്ലിസിനെ ഓസീസ് പ്ലേയിംഗ് ഇലവലില്‍ ഉള്‍പ്പെടുത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.


