ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ സമയത്ത് കൗണ്ടി ക്രിക്കറ്റിൽ കളിച്ച് ഫോം നിലനിർത്തിയ കുൽദീപിന്‍റെ തീരുമാനത്തെയും അശ്വിൻ അഭിനന്ദിച്ചു.

ചെന്നൈ: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ നാല് വിക്കറ്റുകളുമായി മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം കുൽദീപ് യാദവിന്‍റെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ 40 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപിന്‍റെ പ്രകടനമാണ് വിന്‍ഡീസ് നധ്യനിരയെ തകര്‍ത്തത്.

ഇത് കുൽദീപിന്‍റെ തിരിച്ചുവരവാണെന്ന വാദങ്ങളെ 'ആഷ് കി ബാത്ത്' യൂട്യൂബ് ഷോയിൽ അശ്വിൻ തള്ളിക്കളഞ്ഞു. ആളുകൾ ഇത് കുൽദീപിന്‍റെ തിരിച്ചുവരവാണെന്ന് പറയുന്നത് കേട്ടു. എന്നാൽ അങ്ങനെ ഒന്നുമല്ല. ഏകദേശം ഇരുനൂറോളം ഏകദിന വിക്കറ്റുകൾ നേടിയിട്ടുള്ള താരം നേരത്തെ തന്നെ ചാമ്പ്യൻ ബൗളറാണ്. അവൻ എപ്പോഴും മികച്ച ബൗളറായിരുന്നു, ഇനിയും അങ്ങനെ തന്നെയായിരിക്കും. കുൽദീപ് ഇല്ലാതെ ഇന്ത്യക്ക് 2027 ഏകദിന ലോകകപ്പ് കളിക്കാനായി ദക്ഷിണാഫ്രിക്കയിലേക്ക് പോകാനാകില്ലെന്നും അശ്വിൻ വ്യക്തമാക്കി.

ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ സമയത്ത് കൗണ്ടി ക്രിക്കറ്റിൽ കളിച്ച് ഫോം നിലനിർത്തിയ കുൽദീപിന്‍റെ തീരുമാനത്തെയും അശ്വിൻ അഭിനന്ദിച്ചു. വിൻഡീസ് ബാറ്റിംഗ് നിരയ്ക്ക് കുൽദീപിന്‍റെ സ്പിൻ മികവിനെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും അശ്വിന്‍ കൂട്ടിച്ചേർത്തു.

2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറായി കുൽദീപ് യാദവ് പ്ലേയിംഗ് ഇലവനിൽ ഉണ്ടാകണമെന്ന് അശ്വിൻ ആവശ്യപ്പെട്ടു. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തി എതിരാളികളെ പ്രതിരോധത്തിലാക്കാൻ കുൽദീപിന് പ്രത്യേക ശേഷിയുണ്ട്. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ മികച്ച റെക്കോർഡുള്ള കുൽദീപ് ശുഭ്മാന്‍ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിന്‍റെ പ്രധാന ആയുധമായിരിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക