ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിച്ചു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിനൊപ്പം ചേരാനാണ് താരത്തെ തിരിച്ചെത്തിച്ചത്.

ബെംഗളൂരു: സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് തിരിച്ചുവിളിച്ചു. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ അംഗമാണ് കുല്‍ദീപ്. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ താരം കളിക്കുകയും ചെയ്തു. മൂന്നാം മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് കുല്‍ദീപിനെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന്റെ ഭാഗമാകാന്‍ വേണ്ടിയാണ് കുല്‍ദീപിനോട് മടങ്ങിവരാന്‍ പറഞ്ഞത്.

നവംബര്‍ 6നാണ് രണ്ടാം ചതുര്‍ദിന മത്സരം. ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ച് വരുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടക്കാന്‍ ബിസിസിഐ കുല്‍ദീപിനോട് ആവശ്യപ്പെടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നവംബര്‍ 14ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 22 ഗുവാഹത്തിയില്‍ നടക്കും.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ആദ്യ മത്സത്തില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുല്‍, ധ്രുവ് ജുറല്‍, മുഹമ്മദ് സിറാജ് എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുഷ് മാത്രെ, രജത് പടിധാര്‍, ആയുഷ് ബദോനി എന്നിവരെ ഒഴിവാക്കി. അതേസമയം, രഞ്ജി ട്രോഫിയില്‍ പശ്ചിമ ബംഗാളിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.

നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും കളിച്ചിരുന്നു കുല്‍ദീപ്. ആദ്യ രണ്ട് കളികളിലും പുറത്തിരുന്ന കുല്‍ദീപ് യാദവിനെ സിഡ്‌നിയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റതുകൊണ്ടാണ്. മികച്ച ഫോമിലുള്ള കുല്‍ദീപിനെ ആദ്യ രണ്ട് ഏകദിനങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കുമെന്ന് കരുതുന്ന സിഡ്‌നിയില്‍ കുല്‍ദീപ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരുന്നു.

പരിക്കുള്ളതുകൊണ്ടാണോ ഒഴിവാക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും അര്‍ഷ്ദീപിനും നേരിയ പരിക്കുണ്ടെന്നാണ് സൂചന. അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ അര്‍ഷ്ദീപ് കാലിലെ പേശിവലിവ് മൂലം ബുദ്ധിമുട്ടിയിരുന്നു. ഏകദിന പരമ്പര കൈവിട്ടതിനാല്‍ ടി20 പരമ്പരയിലും കളിക്കേണ്ട അര്‍ഷ്ദീപിന് വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അര്‍ഷ്ദീപിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് മൂന്നാം ഏകദിനത്തില്‍ പ്ലേയിംഗ് ഇലവനിലെത്തിയത്.

എന്നാല്‍ ഇതിനിടെ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കേറ്റതോടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നത് ടീം മാനേജ്‌മെന്റിന് എളുപ്പമായി. ഓസ്‌ട്രേലിയക്കെതിരെ അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് നിതീഷിന് പരിക്കേറ്റത്. രണ്ടാം ഏകദിനത്തിനിടെ ഇടതുതുടയില്‍ നിതീഷീന് പരിക്കേറ്റുവെന്നും നിലവില്‍ താരം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

രണ്ടാം ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എയുടെ പുതുക്കിയ ടീം: റഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ധ്രുവ് ജൂറല്‍, സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റുതുരാജ് ഗെയ്കവാദ്, ഹര്‍ഷ് ദുബെ, തനുഷ് കൊട്ടിയാന്‍, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്, ഗുര്‍നൂര്‍ അഹമ്മദ്, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, അഭിമന്യൂ ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്.

നാലാമത്തെയും അഞ്ചാമത്തെയും ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍.

YouTube video player