പെര്‍ത്ത്: ഈ വര്‍ഷം അവസാനം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുക ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കുമെന്ന് ഓസീസ് മുന്‍ താരം ഇയാന്‍ ചാപ്പല്‍. ഓസീസ് പിച്ചുകളില്‍ കുല്‍ദീപിന്റെ റിസ്റ്റ് സ്പിന്നായിരിക്കും ഓസീസ് ബാറ്റിംഗ് നിര നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ചാപ്പല്‍ ക്രിക്ക്ഇന്‍ഫോയിലെഴുതിയ കോളത്തില്‍ പറഞ്ഞു.

അശ്വിന്‍, ജഡേജ, കുല്‍ദീപ് എന്നീ പ്രതിഭാധനരായ സ്പിന്നര്‍മാരില്‍ നിന്ന് ഒരാളെമാത്രം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുക എന്നത് ഇന്ത്യന്‍ സെലക്ടര്‍മാരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നും ചാപ്പല്‍ പറഞ്ഞു. ഇവരില്‍ നിന്ന് ഒരാളെ മാത്രം തെരഞ്ഞെടുക്കുക എന്നത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് വലിയ തലവേദനയാവും. അശ്വിന് മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ഓസ്ട്രേലിയയിലെ പ്രകടനം അത്ര ആശാവഹമല്ല. എന്നാല്‍ ജഡേജയുടെ ഓള്‍ റഔണ്ട് മികവും ബൗളിംഗിലെ കണിശതയും അദ്ദേഹത്തെ കുല്‍ദീപിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്നും ചാപ്പല്‍ പറഞ്ഞു. കഴിഞ്ഞ പരമ്പരയില്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ മാത്രം കളിച്ച കുല്‍ദീപ് ഒന്നാം ഇന്നിംഗ്സില്‍ അഞ്ച്  വിക്കറ്റെടുത്തിരുന്നു.


വാര്‍ണറും സ്മിത്തും ലാബുഷെയ്നും അടങ്ങുന്ന ഓസീസ് ബാറ്റിംഗ് നിര മുമ്പത്തെക്കാള്‍ കരുത്തുറ്റതാണെന്നും ആദ്യ ടെസ്റ്റിന് വേദിയാവുന്നത് ഗാബയാണെന്നത് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണെന്നും ചാപ്പല്‍ പറഞ്ഞു. പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടിവരികയാണെങ്കില്‍ അത് അവര്‍ക്ക് അനുഗ്രഹമാകും. ഓസീസ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സമയം ലഭിക്കും.

ഹര്‍ദ്ദിക് പാണ്ഡ്യക്കും ഇന്ത്യന്‍ ടീമില്‍ വലിയ റോളുണ്ടാകുമെന്നും നാലാം സീമറായി പാണ്ഡ്യയെ ഇന്ത്യക്ക് പരിഗണിക്കാമെന്നും ചാപ്പല്‍ പറഞ്ഞു. അവസാന ടെസ്റ്റ് സിഡ്നിയിലാണെന്നതിനാല്‍ മൂന്നാം സീമറായി പാണ്ഡ്യയെ കളിപ്പിച്ചാല്‍ രണ്ട് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്കാവും. പാണ്ഡ്യ ഏഴാം നമ്പറില്‍ ഇറങ്ങിയാല്‍ ഋഷഭ് പന്ത് ആറാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടിവരും.

Also Read: ഒരിക്കലും തിരിച്ചുകിട്ടാത്ത ദിവസങ്ങള്‍, മകള്‍ക്കൊപ്പം കളിച്ചുരസിച്ച് രോഹിത്; വീഡിയോ കാണാം

ഓസീസിനെ സംബന്ധിച്ച് ഓപ്പണിംഗില്‍ വാര്‍ണറുടെ പങ്കാളിയാകും ബലഹീനത. സെന്‍ട്രല്‍ കോണ്‍ട്രാക്ട് കണക്കിലെടുത്താല്‍ ജോണ്‍ ബേണ്‍സാകും വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുക എന്നാണ് കരുതുന്നത്. എന്നാല്‍ മധ്യനിരയില്‍ ട്രാവിഡ് ഹെഡ്ഡും മാത്യു വെയ്ഡും മിച്ചല്‍ മാര്‍ഷുമാണ് വരുന്നത് എന്നതിനാല്‍ സ്മിത്തിന്റെയും വാര്‍ണറുടെയും ലാബുഷെയ്നിന്റെയും ഉത്തരവാദിത്തം കൂട്ടുന്നുണ്ടെന്നും ചാപ്പല്‍ പറഞ്ഞു.