കൊളംബോ: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെയും ബൗളറെയും പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാര. മുന്‍ സിംബാബ്‌വെ താരം പോമി ബാംഗ്‌വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് സംഗക്കാര ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെയും ബൗളറെയും പ്രഖ്യാപിച്ചത്.


ഏറ്റവും മികച്ച ബാറ്റ്സ്മാന്റെ കാര്യത്തില്‍ തനിക്ക് ആലോചിക്കാനൊന്നുമില്ലെന്ന് വ്യക്തമാക്കിയ സംഗ അത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണെന്ന് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഓസ്ട്രേലിയയുടെ നേഥന്‍ ലിയോണ്‍ ആണെന്ന് സംഗ പറഞ്ഞു.

Also Read:ബൗളിങ് മോശമെന്ന് ധോണി പറഞ്ഞു, ഇതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു; വെളിപ്പെടുത്തി ഇര്‍ഫാന്‍ പഠാന്‍


കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലിയോണ്‍ പുറത്തെടുക്കുന്ന പ്രകടനം അവിശ്വസനീയമാണെന്ന് സംഗ പറഞ്ഞു. ആധുനിക ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പരമ്പരാഗത ശൈലിയില്‍ പന്തറിഞ്ഞ് വിക്കറ്റ് വീഴ്ത്തുക എന്നത് എളുപ്പമല്ലെന്നും ലിയോണിന് അതിന് കഴിയുന്നുണ്ടെന്നും സംഗ പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നറായി താന്‍ കാണുന്നത് സഹതാരമായിരുന്ന മുത്തയ്യ മുരളീധരനെയാണെന്നും സംഗ വ്യക്തമാക്കി.

ഏറ്റവും മികച്ച പേസ് ബൗളറുടെ കാര്യമെടുത്താല്‍ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അത് ജെയിംസ് ആന്‍ഡേഴ്സണ്‍ ആണെന്ന് വ്യക്തമാക്കിയ സംഗ എന്നാല്‍ ഏത് സാഹചര്യത്തിലും പന്തെറിയാന്‍ മിടുക്കുള്ളവരാണ് ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കും ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയുമെന്നും പറഞ്ഞു. എന്നാല്‍ ബുമ്ര ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും സംഗ വ്യക്തമാക്കി.

Also Read:റെക്കോഡാണ് തകര്‍ക്കേണ്ടത്, അടുക്കളയിലെ സാധനങ്ങളല്ല; വീണ്ടും സച്ചിനെ വെല്ലുവിളിച്ച് യുവരാജ്- വീഡിയോ കാണാം

താന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സ്പിന്നര്‍ ഓസീസിന്റെ ഷെയ്ന്‍ വോണും പേസര്‍ പാക്കിസ്ഥാന്ഥെ വസീം അക്രവും ആണെന്നും സംഗക്കാര പറഞ്ഞു.