സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഹര്‍ഭജനെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ചത് താനാണെന്നും ഒരിക്കലു സംഭവിക്കാന്‍ പാടാത്തതായിരുന്നു നടന്നതെന്നും ലളിത് മോദി.
ന്യൂയോര്‍ക്ക്: ഐപിഎല്ലിലെ 2008 സീസണിൽ വൻവിവാദമായ ശ്രീശാന്തും ഹര്‍ഭജന്‍ സിംഗും തമ്മിലുള്ള അടിയുടെ വീഡിയോ പുറത്തുവിട്ട് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി. മുംബൈ ഇന്ത്യൻസ് താരമായ ഹർഭജൻ സിംഗ് പഞ്ചാബ് കിംഗ്സ് താരമായിരുന്ന ശ്രീശാന്തിനെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഓസ്ട്രേലിയയുടെ മുൻനായകൻ മൈക്കൽ ക്ലാർക്കിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇതുവരെ ആരും കാണാത്ത ദൃശ്യങ്ങൾ എന്ന് അവകാശപ്പെട്ട് ലളിത് മോദി ദൃശ്യങ്ങൾ പരസ്യമാക്കിയത്. സുരക്ഷാ ക്യാമറകളിൽ പതിഞ്ഞ ദൃശ്യമാണ് ഇതെന്നും ലളിത് മോദി പറഞ്ഞു.
സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഹര്‍ഭജനെ എട്ട് മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ചത് താനാണെന്നും ഒരിക്കലു സംഭവിക്കാന്‍ പാടാത്തതായിരുന്നു നടന്നതെന്നും ലളിത് മോദി പറഞ്ഞു. കളിക്കുശേഷം കളിക്കാര്‍ തമ്മില്‍ പരസ്പരം കൈ കൊടുക്കുന്നതിനിടെ ശ്രീശാന്തിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് ഹര്‍ഭജന്‍ കവിളത്ത് അടിച്ചതെന്നും ലളിത് മോദി വ്യക്തമാക്കി. സംഭവത്തിനുശേഷം ശ്രീശാന്ത് കരയുന്നതിന്‍റെയും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടിരുന്നെങ്കിലും ഹര്‍ഭജന്‍ കരണത്തടിക്കുന്ന വീഡിയോയുടെ ദൃശ്യങ്ങള്‍ ഇതുവരെ പുറത്തുവന്നിരുന്നില്ല. ഐപിഎല്ലില്‍ ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ വിട്ട ലളിത് മോദി ഇപ്പോള്‍ അമേരിക്കയിലാണുള്ളത്.
2008ലെ ആദ്യ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരശേഷമാണ് മത്സരത്തിനിടെയുണ്ടായ വാക് പോരിന്‍റെ പേരില്‍ ഹര്‍ഭജന്‍ സിംഗ് മത്സരശേഷം കളിക്കാര്‍ പരസ്പരം കൈ കൊടുക്കുന്നതിനിടെ ശ്രീശാന്തിന്‍റെ കരണത്തടിച്ചത്. ആ സംഭവം തന്‍റെ കരിയറില്‍ നിന്നു തന്നെ തുടച്ചുമാറ്റാന്‍ ആഗ്രഹിക്കുന്ന ഒന്നാണെന്നും താന്‍ ഒരിക്കലും അങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഹര്‍ഭജന്‍ പിന്നീട് പറഞ്ഞിരുന്നു.
2008ലെ സംഭവത്തിനുശേഷം ശ്രീശാന്തും ഹര്‍ഭജനും സുഹൃത്തുക്കളായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഒരുമിച്ച് കളിക്കുകയും ചെയ്തു. വിരമിക്കലിന് ശേഷം സീനിയര്‍ താരങ്ങളുടെ വിവിധ ലീഗുകളിലും ഇരുവരും ഒരുമിച്ച് കളിക്കുകയും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.


